കാസർഗോഡ്: (truevisionnews.com) കെപിസിസിയുടെ വയനാട് ക്യാമ്പിൽ തൃശ്ശൂരിലെ പരാജയമടക്കം ചർച്ച ചെയ്തെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി.
ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവൻ ജയവും പരാജയവും ചർച്ച ചെയ്തു. ക്യാമ്പിൽ പങ്കെടുത്ത് തൃശ്ശൂരിൽ മൂന്നാം സ്ഥാനത്ത് പോയതിന്റെ ഉത്തരവാദിത്വം ആർക്കെന്ന് പറയാനുള്ള അവസരം മുരളീധരൻ ഉപയോഗപ്പെടുത്തിയില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
മുരളീധരൻ കോൺഗ്രസിന്റെ ഉന്നതനായ നേതാവാണ്. ആ നേതാവാണ് പരാജയപ്പെട്ടത്. പരാജയം ചർച്ച ചെയ്യേണ്ട സമ്മേളനമാണ് വയനാട്ടിൽ നടന്നത്.
ആ സമ്മേളനത്തിൽ പങ്കെടുക്കാതെ അതിൽ പറയേണ്ട കാര്യങ്ങൾ പുറത്ത് പറയേണ്ട കാര്യമില്ല. അദ്ധേഹത്തെ പോലൊരു സീനിയർ നേതാവിന് തൃശ്ശൂർ മൂന്നാം സ്ഥാനത്ത് പോകേണ്ടി വന്ന സാഹചര്യം വയനാട്ടിലെ ക്യാമ്പിൽ വന്ന് വിശദീകരിക്കണമായിരുന്നു.
അദ്ധേഹം പങ്കെടുക്കാത്തത് വലിയ വേദനയുണ്ടാക്കിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ആരെങ്കിലും അദ്ദേഹത്തെ മനഃപൂർവം തോല്പിക്കാൻ ശ്രമിച്ചെങ്കിൽ അത്തരം ആളുകളെ പോയിന്റ് ഔട്ട് ചെയ്യാനുമുള്ള അവസരമാണ് വയനാട്ടിൽ കിട്ടിയത്.
അദ്ദേഹം അത് ഉപയോഗിക്കണമായിരുന്നു എന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പാർട്ടിയിൽ ഇനി ഗ്രൂപ്പിസത്തിനും പടല പിണക്കങ്ങൾക്കും സ്ഥാനമില്ല.
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിലെ മികച്ച വിജയം ലക്ഷ്യമിട്ടാണ് ജില്ലകളുടെ ചുമതല നേതാക്കൾക്ക് നൽകിയത്. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്തിക്കുക എന്നതാണ് പ്രധാന ദൗത്യം.
പാർട്ടിയുടെ ദൗർബല്യങ്ങൾ മാറ്റിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. സിപിഐഎമ്മിന്റെ തകർച്ചയിൽ കോൺഗ്രസിന് ആഹ്ലാദമില്ല.
സിപിഐഎം വോട്ട് ബിജെപിയിലേക്ക് വഴിമാറി പോകാതിരിക്കാൻ ആണ് കോൺഗ്രസിന്റെ ശ്രമം എന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
#defeat #Thrissur #discussed #Muralidharan #opportunity #explain #RajmohanUnnithan