ബത്തേരി: ( www.truevisionnews.com ) മുത്തങ്ങ വനപാതയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. അഞ്ഞൂറോളം പേരാണു വ്യാഴാഴ്ച രാത്രി ഏഴോടെ കുടുങ്ങിയത്. മുത്തങ്ങയ്ക്കും പൊൻകുഴിക്കും ഇടയിൽ ദേശീയപാത 766ൽ വെള്ളം കയറിയതോടെ യാത്ര തടസ്സപ്പെടുകയായിരുന്നു.
രാത്രിയിൽ വനപാത കർണാടക അടച്ചതിനാൽ തിരിച്ചുപോകാനും സാധിച്ചില്ല. അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേർന്നാണു യാത്രക്കാരെ പുറത്തെത്തിച്ചത്. കനത്ത മഴയത്തായിരുന്നു രക്ഷാദൗത്യം.
ഭക്ഷണമില്ലാതെ ബുദ്ധിമുട്ടിയ യാത്രക്കാർക്കു സുൽത്താൻ വാട്സാപ് കൂട്ടായ്മ ഭക്ഷണമെത്തിച്ചു. വനമേഖലയിൽ കേടായ വാഹനങ്ങളിൽ ചിലത് പുറത്ത് എത്തിക്കാനായിട്ടില്ല.
വനംവകുപ്പിന്റെയും അഗ്നിശമനസേനയുടെയും സ്വകാര്യ വ്യക്തികളുടെയും വാഹനങ്ങളും കെഎസ്ആർടിസി ബസും കൊണ്ടുവന്നാണു യാത്രക്കാരെ പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാത്രി 12.15ന് തുടങ്ങിയ രക്ഷാദൗത്യം പുലർച്ചെ 1.45നാണ് പൂർത്തിയായത്. നിലവിൽ വെള്ളക്കെട്ട് ഒഴിവായതിനാൽ ഗതാഗതം പുനഃസ്ഥാപിച്ചു.
#kerala #flood #rescue #muthanga