ചെറുതോണി (ഇടുക്കി): ( www.truevisionnews.com )റോഡരികിൽ തലയിടിച്ചുവീണ് ചോരവാർന്ന് കിടക്കുകയായിരുന്നു ആ യുവാവ്. ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് ദൈവദൂതരെപ്പോലെ ആ കുട്ടികൾ അവിടേക്കെത്തിയത്. പരിക്കേറ്റ് കിടന്നയാളെ അവർ ആശുപത്രിയിലെത്തിച്ചു. അയാളുടെ ജീവൻ രക്ഷിച്ചു.
വാഴത്തോപ്പ് സെയ്ന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസുമാണ് വഴിയിൽ ചോരവാർന്നുകിടന്ന തൃശ്ശൂർ സ്വദേശി ജിസ്‌മോന് രക്ഷകരായത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ചേലച്ചുവട്ടിൽ വന്നതായിരുന്നു ജിസ്‌മോൻ. ബസ് സ്റ്റോപ്പിൽ നിൽക്കുന്നതിനിടെ തലചുറ്റിവീണു. തലയ്ക്കും മുഖത്തിനും സാരമായി പരിക്കേറ്റ ജിസ്‌മോൻ അവിടെ കിടന്നു.
അപ്പോഴാണ് അഡോണും ജിൻസും സ്കൂൾവിട്ട് ബസിൽ വന്നിറങ്ങിയത്. ഒരു മനുഷ്യൻ ചോരവാർന്നു കിടക്കുന്നതുകണ്ട് അവർക്ക് സഹിച്ചില്ല. ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറ്റി യുവാവിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
പരിക്ക് സാരമുള്ളതായിരുന്നു. അതിനാൽ പോലീസിന്റെ ഹെൽപ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് യുവാവിനെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബന്ധുക്കളെത്തി ജിസ്‌മോനെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.ആരും നോക്കാതെ, ചോരവാർന്നുകിടന്ന അയാളെ കണ്ട് അവർക്ക് സഹിച്ചില്ല, 'ദൈവദൂതരെപ്പോലെ' അഡോണും ജിൻസും
#jins #adone #help #man #get #proper #treatment #idukki