കൊടുങ്ങല്ലൂർ: (truevisionnews.com) കൊടുങ്ങല്ലൂരിൽ വിദ്യാലയത്തിൽ നാല് വിദ്യാർത്ഥികൾ ബോധരഹിതരായ സംഭവത്തിനു പിന്നിൽ ഹിപ്നോട്ടിസമല്ലെന്ന് വിദഗ്ധർ.
പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഗവ. ഹൈസ്കൂളിൽ ഒരു ആൺകുട്ടിയും മൂന്ന് പെൺകുട്ടികളും അബോധാവസ്ഥയിലായത് കരോട്ടിഡ് കംപ്രഷൻ എന്ന പ്രക്രിയയിലൂടെയാണ്.
ചോക്കിങ് ഗെയിം, സ്പേസ് മങ്കി ഗെയിം, പാസ് ഔട്ട് ഗെയിം തുടങ്ങിയ പേരിലറിയപ്പെടുന്ന ഈ പ്രക്രിയ വിദേശ രാജ്യങ്ങളിൽ വർഷങ്ങൾക്കു മുമ്പുതന്നെ വ്യാപകമാണ്. അപകടകരമായ ഈ വിനോദം മരണത്തിനുവരെ കാരണമായിട്ടുണ്ട്.
കഴുത്തിലോ തൊണ്ടയിലോ സമ്മർദം ചെലുത്തി തലച്ചോറിലേക്കുള്ള രക്തയോട്ടം മനഃപൂർവം നിയന്ത്രിക്കുന്നതാണ് ഈ പ്രവൃത്തി.
അതുവഴി ഗെയിം കളിക്കുന്നവർ മിനിറ്റുകളോളം അബോധാവസ്ഥയിലാകും. ഈ വിനോദം ബോധക്ഷയം, മസ്തിഷ്ക ക്ഷതം എന്നിങ്ങനെ മരണത്തിലേക്ക് വരെ നയിച്ചേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
പല രാജ്യങ്ങളും ഈ ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും കുട്ടികളിലും ചെറുപ്പക്കാരിലും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ ഇത്തരം വിഡിയോകൾക്ക് കാഴ്ചക്കാരേറെയാണ്.
#incident #four #students #passedout #not #hypnotism #Chalkinggame