പുല്പള്ളി:(www.truevisionnews.com) ദളിത് യുവാക്കളെ ആക്രമിച്ച്, കാറിൽ തട്ടിക്കൊണ്ടുപോയ ഗുണ്ടാസംഘത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും. യൂത്ത് കോൺഗ്രസ് പുല്പള്ളി മണ്ഡലം പ്രസിഡന്റ് കാപ്പിക്കുന്ന് പാറപ്പുറത്ത് ടോണി തോമസ്, പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ പ്രതിപക്ഷ അംഗത്തിന്റെ മകൻ ശ്രദ്ധഖ്, അഭിലാഷ് ജോർജ്, ശരത്ത്, റെനി എന്നിവരെയാണ് പോലീസ് കേസിൽ പുതുതായി പ്രതി ചേർത്തത്.
ഇവരെല്ലാം നിലവിൽ ഒളിവിലാണുള്ളത്. പ്രതികൾക്കെതിരേ ജാമ്യമില്ലാവകുപ്പുപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഈ കേസിൽ ആദ്യംഅറസ്റ്റിലായ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണിയുടെ സഹോദരൻ ജിത്തു(26)വും മീനംകൊല്ലി തെറ്റിക്കോട്ടിൽ ടി.ജെ. ബിജോബിൻ (24) നും നിലവിൽ റിമാൻഡിലാണ്.
ഗുണ്ടകൾ യുവാക്കളെ ടൗണിൽവെച്ച് മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ആക്രമണത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെയുള്ളവരുടെ പങ്ക് പുറത്തായത്.
ഇതോടെയാണ് പോലീസ് അഞ്ച്പേരെക്കൂടി കേസിൽ പ്രതിചേർത്തത്. അക്രമസംഭവത്തിന്റെ പിറ്റേദിവസം അറസ്റ്റിലായ പ്രതികൾക്ക് നിയമസഹായംനൽകുന്നതിനായി രാഷ്ട്രീയ നേതാക്കൾക്കൊപ്പം ടോണിയും പോലീസ് സ്റ്റേഷനിലെത്തിയിരുന്നു.
എരിയപ്പള്ളി ഗാന്ധിനഗർ കോളനിയിലെ വരദൻ, സുഹൃത്തുക്കളായ പ്രകാശ്, അജിത്ത് എന്നിവരാണ് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായത്.
ജൂലായ് അഞ്ചിന് രാത്രി 10.30-ഓടെ ടൗണിലുള്ള സ്വകാര്യ ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിലായിരുന്നു അക്രമസംഭവങ്ങൾക്ക് തുടക്കം. ഗുണ്ടകളുടെ കാർ മറ്റൊരു വാഹനവുമായി തട്ടിയതിനെ തുടർന്ന് ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ ചെറിയ സംഘർഷമുണ്ടായിരുന്നു.
ഇത് നോക്കിനിൽക്കുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഗുണ്ടകൾ തങ്ങൾക്കുനേരെ തിരിഞ്ഞതെന്നാണ് പരാതിക്കാർ പറയുന്നത്.
അടികൊണ്ട് ഓടിരക്ഷപ്പെട്ട് ടൗണിലെത്തിയ യുവാക്കളെ ഗുണ്ടകൾ പിന്തുടർന്നെത്തി വീണ്ടും മർദിക്കുകയായിരുന്നു. ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നിട്ടുള്ളത്.
മർദനം സഹിക്കവയ്യാതായതോടെ യുവാക്കൾ ടൗണിൽനിന്നും പലവഴിക്കായി ചിതറിയോടി രക്ഷപ്പെട്ടു. ബസ് സ്റ്റാൻഡിനുള്ളിൽ കയറിയൊളിച്ച വരദനെ ഗുണ്ടകൾ അവരുടെ കാറിൽ ബലംപ്രയോഗിച്ച് കടത്തിക്കൊണ്ടുപോവുകയായിരുന്നു.
താന്നിത്തെരുവ് ഭാഗത്തേക്ക് വാഹനവുമായി പോയ ഗുണ്ടകൾ, രക്ഷപ്പെട്ട സുഹൃത്തുക്കളെ ഫോണിൽ വിളിച്ചുവരുത്തണമെന്നാവശ്യപ്പെട്ട് വരദനെ വീണ്ടും മർദിച്ചു.
ടൗണിലെ അക്രമവിവരമറിഞ്ഞ്, ഗുണ്ടകളെ പിന്തുടർന്നെത്തിയ പോലീസാണ് വരദനെ രക്ഷപ്പെടുത്തിയത്. സംഭവസ്ഥലത്തുവെച്ച് ജിത്തുവിനേയും ബിജോബിനേയും പോലീസ് പിടികൂടി.
മറ്റു പ്രതികൾ ഓടിരക്ഷപ്പെടുകയായിരുന്നു. നിലവിൽ മൂന്ന് പേരാണ് പോലീസിൽ പരാതി നൽകിയിട്ടുള്ളതെങ്കിലും കൂടുതൽ പേർക്ക് മർദനമേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ പരാതിയുമായി രംഗത്തുവന്നിട്ടില്ല.
#dalit #youth #beaten #youth #congress #leader #among #gang