മലപ്പുറം: (truevisionnews.com) പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബാച്ചുകള്‍ തൃപ്തികരമല്ലെന്ന് എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്.
കൊടുക്കാവുന്നതിലെ ഏറ്റവും കുറഞ്ഞ ബാച്ചാണ് മന്ത്രി ഇന്ന് പ്രഖ്യാപിച്ചതെന്ന് നവാസ് ആരോപിച്ചു. 138 ബാച്ചുകള്‍ എന്നത് സര്‍ക്കാരിന്റെ കുതന്ത്രമാണ്. പാലക്കാടും കോഴിക്കോടും ബാച്ചുകള്‍ അനുവദിച്ചില്ല.
വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവും മാധ്യമങ്ങളുടെ ഇടപെടലും കാരണം ഒഴിഞ്ഞുമാറാനാണ് ഇപ്പോള്‍ പ്രഖ്യാപനം നടത്തിയതന്നും നവാസ് ആരോപിച്ചു. മലബാറിലെ ¹പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് അടക്കമുള്ള പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ സമരങ്ങള്‍ അക്രമാസക്തമായിരുന്നു.
മലബാറിലെ സീറ്റ് പ്രതിസന്ധിയില്‍ താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. മലപ്പുറത്ത് 120 അധിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കാസര്‍കോട് 18 അധിക ബാച്ചുകളും അനുവദിക്കും. മലപ്പുറം ജില്ലയില്‍ ഹ്യുമാനിറ്റിസിലും കൊമേഴ്സിലുമാണ് പുതി ബാച്ചുകള്‍ അനുവദിക്കുക. ഒരു സയന്‍സ് ബാച്ചിന് പുറമെ ഹ്യുമാനിറ്റിസ്, കൊമേഴ്സ് ബാച്ചുകളാണ് കാസര്‍ക്കോട് അനുവദിക്കുക.
റൂള്‍ 300 പ്രകാരം നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് ശിവന്‍കുട്ടി പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്തിയത്. എന്നാല്‍, പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി നിലനില്‍ക്കുന്നതിനിടയിലും പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചിരുന്നില്ല.
സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷവും പാലക്കാട് കുറവുള്ളത് 4383 സീറ്റുകളാണ്. കോഴിക്കോട് 2250 സീറ്റുകളുടെയും കുറവുണ്ട്. മലപ്പുറത്ത് 120 ബാച്ചുകളില്‍ 65 വിദ്യാര്‍ഥികളെ പരിണിച്ചാല്‍ അവസരം ലഭിക്കുക 7800 പേര്‍ക്കാണ്.
എന്നാലും മലപ്പുറത്തെ പ്രതിസന്ധി തീരില്ല. മലപ്പുറത്ത് കുറവുണ്ടായിരുന്നത് 9791 സീറ്റുകളാണ്. അധിക ബാച്ചുകള്‍ അനുവദിച്ച ശേഷവും 1991 സീറ്റുകള്‍ കുറവുണ്ട്. എന്നാല്‍, 18 ബാച്ചുകള്‍ അനുവദിച്ചതിലൂടെ കാസര്‍കോട് സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ സീറ്റുകള്‍ കുറവുണ്ടെന്ന് കണ്ടെത്തിയെന്നും എല്ലാവര്ക്കും സീറ്റ് ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. താല്‍ക്കാലിക ബാച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് അനുവദിച്ചിരിക്കുന്നത്.
താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് 14 കോടിയുടെ അധിക ബാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്കൂളുകളിലായി 120 ഹയര്‍ സെക്കന്ററി താത്കാലിക ബാച്ചുകള്‍ അനുവദിക്കാം.
കാസര്‍കോട് ജില്ലയില്‍ 18 സര്‍ക്കാര്‍ സ്കൂളുകളിലായി 18 ബാച്ചുകള്‍ താത്കാലികമായി അനുവദിക്കാവുന്നതാണ് എന്നുമായിരുന്നു ശുപാര്‍ശകള്‍ എന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
#Plusoneseatcrisis #MSF #batches #announced #government #satisfactory