ഇടുക്കി:(www.truevisionnews.com) കൈക്കൂലി കേസിൽ പ്രതിയായ തൊടുപുഴ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സനീഷ് ജോർജിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും.
മാനേജ്മെന്റ് സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ എൻജിനീയർ കൈക്കൂലി വാങ്ങിയ കേസിൽ സനീഷ് ജോർജ് രണ്ടാം പ്രതിയാണ്.
പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ സനീഷിനോട് രാജി വയ്ക്കാൻ എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. കുമ്പകല്ലിലെ എൽപി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ച തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായിരുന്നു.
ഇയാൾക്ക് കൈക്കൂലി നൽകാൻ നഗരസഭ ചെയർമാൻ നിർബന്ധിച്ചു എന്നാണ് പരാതിക്കാരന്റെ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാനെതിരെ കേസെടുത്തിരിക്കുന്നത്.
കേസിൽ വിജിലൻസ് പ്രതി ചേർത്തതോടെ, നേരത്തെയും ഇയാൾ സമാന രീതിയിൽ അഴിമതി നടത്തിയെന്ന് ആരോപണം ശക്തമാണ്. നഗരസഭയിലെ ക്രമക്കേടുകൾ കണ്ടെത്തി നേരെത്തെ ചെയർമാനെ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
സനീഷ് ജോർജിന്റെ രാജിക്കായി എൽഡിഎഫ് ക്യാമ്പിലും സമ്മർദ്ദം ഉണ്ട്. നഗരസഭ അധ്യക്ഷനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കുന്നു എന്ന് മാത്രമാണ് ഔദ്യോഗിക വിശദീകരണം.
#fitness #certificate #give #bribe #vigilance #interrogate #municipal #chairman