ഇടുക്കി/ ഏലപ്പാറ: (truevisionnews.com) ചെറുപ്പത്തിൽ കിട്ടിയ പരിശീലനം തുണയായി. കൈവരിയില്ലാത്ത പാലത്തിൽനിന്ന് പെരിയാറ്റിലേക്ക് വീണ പത്തുവയസ്സുകാരി അളകനന്ദ നീന്തിക്കയറിയത് ജീവിതത്തിലേക്ക്.
വള്ളക്കടവിലെ കൈവരികളില്ലാത്ത പാലത്തിൽനിന്ന് ശനിയാഴ്ച രാവിലെ ഒൻപതോടെയാണ് അളകനന്ദ വീണത്. ഏലപ്പാറ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
അമ്മ സംഗീതയ്ക്കൊപ്പം നടന്നുപോകുകയായിരുന്ന അളകനന്ദ വെള്ളത്തിൽ ചവിട്ടാതെ ഒഴിഞ്ഞുമാറി നടക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിലേക്ക് വീഴുകയായിരുന്നു.
ദിവസങ്ങളായി പെയ്യുന്ന മഴയിൽ ശക്തമായ നീരൊഴുക്കാണ് ആറ്റിലുണ്ടായിരുന്നത്. അമ്മ പിന്നാലെ ചാടാൻ തുടങ്ങിയെങ്കിലും ഓടിക്കൂടിയ നാട്ടുകാർ തടഞ്ഞു.
ഇതിനിടെ ഏതാനും മീറ്ററുകൾ ഒഴുക്കിൽപ്പെട്ട അളകനന്ദ കരയിലേക്ക് നീന്തിത്തുടങ്ങി. നാട്ടുകാർ നൽകിയ നിർദേശങ്ങൾ പാലിച്ച് അളകനന്ദ കരയിലേക്ക് എത്തി.
തുടർന്ന് ആലടി സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രഥമിക ചികിത്സ നൽകി. മ്ലാമല വിമൽജ്യോതി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ അളകനന്ദ മുമ്പ് നീന്തൽ പരിശീലിച്ചിരുന്നു.
#Training #helps #ten #year #old #girl #swam #life