ആലപ്പുഴ:(truevisionnews.com) മതിലിടിഞ്ഞ് വീണ് മരിച്ച ലജ്നത്തുൽ മുഹമ്മദിയ ഒമ്പതാംക്ലാസ് വിദ്യാർഥിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ആലപ്പുഴ ആറാട്ടുവഴി അന്തേക്ക്പറമ്പിൽ വീട്ടിൽ അലി അക്ബർ-ഹസീന ദമ്പതികളുടെ ഏകമകൻ അൽഫയാസാണ് (13) നാടിന്റെ നൊമ്പരമായി മാറിയത്. ബുധനാഴ്ച രാത്രി 7.30ന് ആറാട്ടുവഴിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം.
ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുമ്പോൾ അയൽവാസിയുടെ അഞ്ചരയടി ഉയരമുള്ള അപകടാവസ്ഥയിലുള്ള സിമന്റ് നിർമിത മതിൽ അൽഫയാസിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് നോർത്ത് പൊലീസ് കേസെടുത്തു.വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഫയാസിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് സ്കൂൾ മുറ്റത്തേക്ക് കൊണ്ടുവന്നത്.
ലജ്നത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്ന ആയിരങ്ങളുടെ ഇടയിലേക്ക് ചേതനയറ്റ അവൻ വീണ്ടുമെത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
അതുവരെ ദുഃഖം അടക്കിപ്പിടിച്ച സഹപാഠികളും കൂട്ടുകാരും നിയന്ത്രണംവിട്ട് കരഞ്ഞു. സല്യൂട്ടിനായി യൂനിഫോമിൽ നിലയുറപ്പിച്ച കൂട്ടുകാരായ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളും വിങ്ങിപ്പൊട്ടി.
ഫയാസിന്റെ ഓർമകൾക്ക് മുന്നിൽ അധ്യാപകരുടെ വിതുമ്പലും ഹൃദയഭേദകമായി. മഴക്കെടുതിയിൽ ജില്ലയിൽ സ്കൂളുകൾക്ക് അവധിയായിട്ടും വിദ്യാലയമുറ്റത്തും പരിസരത്തും വൻജനാവലിയാണ് എത്തിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന മയ്യിത് നമസ്കാരത്തിന് സ്കൂൾ മാനേജർ എ.എം. നസീർ നേതൃത്വം നൽകി. പിന്നാലെ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകൾ സല്യൂട്ട് നൽകി അന്തിമോപചാരം അർപ്പിച്ചു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, കലക്ടർ അലക്സ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ടി.എ. അഷ്റഫ് കുഞ്ഞ് ആശാൻ, ഹെസ്മിസ്ട്രസ് ഇ. സീന, പി.ടി.എ പ്രസിഡന്റ് ഷാജി ജമാൽ എന്നിവരടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു.
ക്ലാസ് ടീച്ചർ സനൂജ അടക്കമുള്ള അധ്യാപകരെയും സഹപാഠികളെയും ആശ്വസിപ്പിക്കാൻ കൂടെയുള്ളവർ ഏറെ പാടുപെട്ടു. അരമണിക്കൂറിലേറെ നീണ്ട പൊതുദർശനശേഷം പ്രാർഥനനിർഭരമായി മൃതദേഹം ഹാളിൽനിന്ന് പുറത്തേക്ക് എടുത്തപ്പോൾ കണ്ണീർ പെരുമഴയായി.
വീടിന് സമീപത്തെ ആറാട്ടുവഴി സെന്റ് ജോസഫ്സ് ചർച്ച് പാരിഷ് ഹാളിലും പൊതുദർശനമുണ്ടായിരുന്നു. സംഭവമറിഞ്ഞ് കുഴഞ്ഞുവീണ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അർബുദരോഗിയായ മാതാവ് ഹസീന. മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു.
മൂവർസംഘത്തിലെ ‘ചങ്ക്’ ഫയാസ് ഇനി ഓർമ
ലജ്നത്തുൽ മുഹമ്മദിയ സ്കൂളിലെ ഒമ്പതാംക്ലാസിലെ മൂവർസംഘത്തിന്റെ ‘ചങ്ക്’ ഫയാസായിരുന്നു. ബി ഡിവിഷനിലെ ഒരേ ബെഞ്ചിലിരുന്നാണ് അൽഫയാസ്, ഇഹ്ലാസ്, റിസ്വാൻ എന്നിവർ പഠിച്ചിരുന്നത്. എപ്പോഴും ഒന്നിച്ചാണ് ഇവരുടെ നടത്തവും പഠനവുമെല്ലാം. സ്കൂൾ വിട്ടാലും അതുണ്ടാകും.
ട്യൂഷൻ കഴിഞ്ഞ് തിരികെ വീട്ടിൽ കൊണ്ടാക്കിയത് റിസ്വാനായിരുന്നു. സൈക്കിളിൽ വീട്ടിനടുത്തുള്ള വഴിയിൽ ഇറക്കിയശേഷം വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ഞെട്ടിപ്പിച്ച അപകടമുണ്ടായത്.
ഭീതി വിട്ടുമാറിയില്ലെങ്കിലും അവസാനമായി സുഹൃത്തിനെ കാണാൻ ഇഹ്ലാസും റിസ്വാനും സ്കൂളിലെത്തി. സ്റ്റുഡന്റ് പൊലീസ് കാഡറ്റായ അൽഫയാസ് ബുധനാഴ്ച നടന്ന ലഹരിവിരുദ്ധ സൈക്കിൾ റാലിയിലും പങ്കെടുത്തിരുന്നു.
പൊലീസ് ക്ലബിൽ നടന്ന പരിപാടിക്കുശേഷം സ്കൂളിലെത്തി ഏറെ സന്തോഷത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയത്. കനത്ത മഴയായതിനാൽ മഴക്കോട്ടും കുടയുമായിട്ടാണ് ട്യൂഷൻ സെന്ററിലേക്ക് പോയത്. അത് അവസാന യാത്രയാകുമെന്ന് ആരും കരുതിയില്ല.
#alappuzha #fayas #who #died #collapse #wall