ഇടുക്കി:(truevisionnews.com) സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസിസ്റ്റൻറ് എൻജിനീയർ വിജിലൻസ് പിടിയിൽ. സംഭവത്തിൽ പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജിനെ രണ്ടാം പ്രതിയാക്കി കേസെടുത്തു. തൊടുപുഴ നഗരസഭയിലെ അസിസ്റ്റൻറ് എൻജിനീയർ അജി സിറ്റി ആണ് വിജിലൻസിന്റെ പിടിയിലായത്. നഗരസഭ ചെയർമാനെ വിജിലൻസ് ഡിവൈഎസ്.പി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. കൂടുതൽ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെ ചെയർമാനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കൂ എന്ന് ഡിവൈഎസ്പി പറഞ്ഞു.
ഒരു മാസം മുമ്പ് നൽകിയ അപേക്ഷ
ഇന്ന് വൈകിട്ട് നാലോടെ ഇടനിലക്കാരൻ മുഖേന നഗരസഭയിലെത്തി പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. തൊടുപുഴയ്ക്ക് സമീപം കുമ്മംകല്ലിലുള്ള സ്വകാര്യ സ്കൂളിൻ്റെ ഫിറ്റ്നസ് ആവശ്യത്തിനായി ഒരു മാസം മുമ്പ് അപേക്ഷ നൽകിയിരുന്നു. എഇ ഇവിടെയത്തി പരിശോധന നടത്തിയെങ്കിലും ഫിറ്റ്നസ് നൽകാൻ തയാറായില്ല. പിന്നീട് സ്കൂൾ അധികൃതർ പല തവണ സർട്ടിഫിക്കറ്റിനായി സമീപിച്ചെങ്കിലും നൽകിയില്ല. തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജാണ് ഇവരോട് എഇ യ്ക്ക് പണം നൽകിയാൽ മതി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുമെന്ന് ഇവരോട് പറഞ്ഞത്.
ഇതനുസരിച്ച് എ.ഇ യെ ചെന്നു കണ്ടപ്പോൾ ഒരു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇത്രയും ഭീമമായ തുകയായതിനാൽ സ്കൂൾ മാനേജർ വിദേശത്തുള്ള സ്കൂളിന്റെ ഉടമയെ ബന്ധപ്പെട്ടു. ഇദ്ദേഹവും അസിസ്റ്റന്റ് എൻജിനിയറുമായി ബന്ധപ്പെട്ടെങ്കിലും കൈക്കൂലി ആവശ്യത്തിൽ എഇ ഉറച്ചുനിന്നു. തുടർന്ന് അജിയുടെ സുഹൃത്ത് റോഷൻ വഴി പണം കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്.
ആദ്യം പണവുമായി എ.ഇ യുടെ മുറിയിലെത്തിയെങ്കിലും ഇവിടെ സിസി ടിവിയുള്ളതിനാൽ മറ്റൊരിടത്ത് വെച്ച് വാങ്ങുകയായിരുന്നു. സ്കൂൾ മാനേജരുടെ പരാതിയിലാണ് നടപടി. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി ഷാജു ജോസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റ് ചെയ്ത പ്രതികളെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊലീസ് ഇൻസ്പെക്ടർമാറായ ടിപ്സൺ തോമസ് മേക്കാടൻ, ഷിന്റോ പി. കുര്യൻ, ഫിലിപ് സാം, ഷെഫീർ, പ്രദീപ്, പൊലീസ് സബ് ഇൻസ്പെക്ടർമാരായ സഞ്ജയ്, ബിജു വർഗ്ഗീസ്, ബിജു കുര്യൻ, പ്രമോദ്, സ്റ്റാൻലി തോമസ്, പൊലീസ് ഉദ്ദ്യേഗസ്ഥരായ. ബേസിൽ, കുര്യൻ, ഷിനോദ്, സന്ദീപ്, മുഹമ്മദ് എന്നിവരുടെ നേതൃത്തിലുള്ള വിജിലൻസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
#you #give #bribe, #fit', #second #accused #Idukki #case,#chairman #municipality #told #hand #over #money