ജിന്‍ഡ(ഹരിയാന): (truevisionnews.com) പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത നാല് സഹപാഠികൾക്കെതിരെ പൊലീസ് കേസെടുത്തു.

ഹരിയാനയിലെ ജിൻഡയിലാണ് സംഭവം നടന്നത്. ഏഴുമാസം മുമ്പാണ് വിദ്യാർഥിനിയുടെ ജന്മദിനത്തിൽ സഹപാഠികളായ നാലുവിദ്യാർഥികൾ കൂട്ടബലാത്സംഗം ചെയ്തത്.
പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രതികൾ 19 വയസിനും 20 വയസിനും ഇടയിലുള്ളവരാണെന്ന് ജിന്‍ഡ വനിതാ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിനാണ് ജിൻഡയിലെ ഒരു ഹോട്ടലിൽ വെച്ച് 17 വയസുകാരിയെ നാല് സഹപാഠികൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസമാണ് പിതാവ് പൊലീസിൽ പരാതി നൽകിയത്.
ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേനെ മകളെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്‌തെന്നും ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പിതാവിന്റെ പരാതിയിൽ പറയുന്നു.
കൂടാതെ പെൺകുട്ടിയുടെ വീഡിയോ പകർത്തുകയും ചെയ്തു.വീഡിയോ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇവർ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നെന്നും പരാതിയിലുണ്ട്.
സോഷ്യൽ മീഡിയയിൽ നിന്നാണ് സംഭവത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞതെന്നും മകൾക്ക് നീതി ലഭിക്കണമെന്നും പിതാവ് പറയുന്നു. അതേസമയം, പ്രതികൾ ഇപ്പോൾ ഒളിവിലാണെന്നും ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
പോക്‌സോ,കൂട്ടബലാത്സംഗം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അതിജീവിതക്ക്കൗൺസിലിങ് നൽകി വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
#Class #student #gang-#raped #birthdayparty; #Case #four #classmates
