പത്തനംതിട്ട :(www.truevisionnews.com) 12 ദിവസംകൂടി കഴിഞ്ഞിരുന്നെങ്കിൽ വീട്ടിൽ എത്തുമായിരുന്നു. പക്ഷേ, അതിനും മുൻപേ വിധി അദ്ദേഹത്തെ നാട്ടിലെത്തിക്കുകയാണ്.
എല്ലാത്തവണത്തെയും പോലെ സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും അകമ്പടി ഈ വരവിനില്ല.
ചേതനയറ്റ ശരീരമായി, ഓർമകൾ മാത്രം ബാക്കിയാക്കിയുള്ള ആ വരവ് ഉൾക്കൊള്ളാൻ ഇപ്പോഴും സജുവിന്റെ കുടുംബത്തിനായിട്ടില്ല.
പെൺമക്കളുടെ ഉപരിപഠന പ്രവേശനവുമായി ബന്ധപ്പെട്ട് 24ന് നാട്ടിലേക്കു വരാൻ ടിക്കറ്റ് എടുത്തു കാത്തിരുന്ന സജു വർഗീസിന് തന്റെ ആഗ്രഹം പൂർത്തീകരിക്കാനായില്ല.
കുവൈത്തിൽ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച അട്ടച്ചാക്കൽ ചെന്നശേരി ശാലോംവില്ല സജു വർഗീസിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി.
ഇളയ മകൾ എമിലിൻ അന്ന സജു പ്ലസ് ടു പൂർത്തിയാക്കി എൻജിനീയറിങ്ങിനു ചേരാനുള്ള തയാറെടുപ്പിലാണ്. മൂത്ത മകൾ എയ്ഞ്ചൽ അന്ന സജു ഡിഗ്രി കഴിഞ്ഞ് ഉപരിപഠനത്തിനു ശ്രമം തുടങ്ങിയിരുന്നു.
മക്കളുടെ പഠനവുമായി ബന്ധപ്പെട്ടാണ് 10 ദിവസത്തെ അവധിക്ക് നാട്ടിൽ എത്താൻ തീരുമാനിച്ചിരുന്നത്.
സജു വർഗീസിന്റെ ഭാര്യ ബിന്ദുവിന്റെ സഹോദരീഭർത്താവ് കറുകച്ചാൽ സ്വദേശി ബിനു, തീപടർന്നപ്പോൾ കെട്ടിടത്തിൽനിന്ന് എടുത്തുചാടി പരുക്കേറ്റ് ചികിത്സയിലാണ്.
നാലാമത്തെ നിലയിൽനിന്ന് താഴേക്കു ചാടുകയായിരുന്നു. ഐസിയുവിൽ തുടരുന്ന ബിനുവുമായി ബന്ധുക്കൾ സംസാരിച്ചപ്പോൾ സജുവിനെയാണ് ആദ്യം തിരക്കിയത്. മരിച്ച വിവരം അറിയിച്ചിരുന്നില്ല.
#pathanamthitta #native #saju #varghese #kuwait #fire