പന്തളം(പത്തനംതിട്ട): ( www.truevisionnews.com ) 31 വയസ്സുകാരനാണെങ്കിലും ആകാശ് വീടിന്റെ താങ്ങും തണലുമായിരുന്നു. ചെറുപ്പത്തിലേ അച്ചൻ മരിച്ചശേഷം അമ്മയുടെ പരിചരണത്തിൽ വളർന്ന ആകാശ് പറക്കമുറ്റിയപ്പോഴായിരുന്നു അമ്മ ശോഭനാകുമാരിക്കും സഹോദരി ശാരിക്കും ആശ്വാസമായത്.
ബുധനാഴ്ചരാത്രിയും മകന്റെ വിളി പ്രതീക്ഷിച്ചിരിക്കവേയാണ് ടെലിവിഷനിലൂടെ കുവൈത്തിലെ ദുരന്തവാർത്തയും തുടർന്ന് മകന്റെ മരണവാർത്തയുമെത്തിയത്. എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായി ജോലിനോക്കിവരുകയായിരുന്നു.
രണ്ടുവർഷം മുമ്പ് നാട്ടിലെത്തി മടങ്ങിയിരുന്നു. ആറുനിലയുള്ള കെട്ടിടത്തിന്റെ നാലാംനിലയിലെ താമസക്കാരായിരുന്നു ഇവരെന്ന് കൂടെത്താമസിക്കുന്ന സുഹൃത്തുക്കൾ ഫോണിലൂടെ അറിയിച്ചു.
രാവിലെ മുതൽ ആകാശിനെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. പിന്നീട് ഒരുപാട് തിരച്ചിലിനുശേഷമാണ് ആകാശ് മരിച്ച വിവരം അയൽവാസിയായ സുഹൃത്ത് അറിയുന്നത്.
ജനാലകൾ പൊട്ടിച്ചും മറ്റുമാണ് പലരും പുറത്തിറങ്ങിയതെന്ന് സുഹൃത്തിന്റെ സംഭാഷണത്തിൽ പറയുന്നു. കെട്ടിടത്തിൽ നാലാംനിലയിലെ താമസക്കാരായിരുന്നു ആകാശും സുഹൃത്തുക്കളായ രണ്ടു മലയാളികൾ ഉൾപ്പെടെ നാലുപേരും.
ആകാശും മറ്റൊരു സുഹൃത്തും കെട്ടിടത്തിന്റെ പുറത്തേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചുവെന്നും ശ്രമത്തിനിടയിൽ ആകാശ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നുമാണ് വിദേശത്തുനിന്നു ഫോണിൽ ബന്ധപ്പെട്ടവർ അറിയിക്കുന്ന വിവരം.
#pathanamthitta #native #akash #death #kuwait #fire #accident