തൃശൂർ:(truevisionnews.com) അതിരപ്പിള്ളി മലക്കപ്പാറ അന്തര്‍ സംസ്ഥാന പാതയില്‍ കാട്ടാനകളെ കൊണ്ട് പൊറുതമുട്ടി സഞ്ചാരികളും നാട്ടുകാരും. വാഹനങ്ങള്‍ക്ക് നേരെ കാട്ടാനകള്‍ ഓടിയടുക്കുന്നത് നിത്യസംഭവമായതോടെ ഇതുവഴിയുള്ള യാത്ര പലരും ഒഴിവാക്കുകയാണ്.
പണ്ട് രാത്രികാലങ്ങളില്‍ മാത്രമാണ് ആനകള്‍ റോഡിലേക്കിറങ്ങാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ പകല്‍ സമയങ്ങളും ആനകൂട്ടം റോഡരികില്‍ തമ്പടിക്കുകയാണ്. വാഹനങ്ങള്‍ക്ക് നേരെ തിരിയുന്ന ആനകളുടെ ആക്രമണത്തില്‍ നിന്നും പലപ്പോഴും തലനാരിഴക്കാണ് സഞ്ചാരികള്‍ രക്ഷപ്പെടുന്നത്. കഴിഞ്ഞ ആഴ്ച രണ്ട് കാറുകളും ഒരു ബൈക്കും കാട്ടാന ആക്രമിച്ചിരുന്നു.
വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിരപ്പിള്ളി മുതല്‍ വാല്‍പ്പാറ വരെയുള്ള ഭാഗത്താണ് ആക്രമണം കൂടുതലായിരിക്കുന്നത്. വിജനമായ ഈ വഴികളില്‍ ഭയപ്പാടോടെയാണ് ഇപ്പോള്‍ സഞ്ചാരികളുടെ യാത്ര. വനത്തില്‍ നിന്നും അപ്രതീക്ഷിതമായി ആനകള്‍ റോഡിലേക്കിറങ്ങി വരുന്നതാണ് വാഹനയാത്രികരെ വലക്കുന്നത്.
ചില സഞ്ചാരികള്‍ വഴിയോരത്ത് നില്‍ക്കുന്ന ആനകളെ അനാവശ്യമായി ശബ്ദമുണ്ടാക്കി പ്രകോപിക്കുന്ന പതിവുണ്ട്. ഇവരുടെ വാഹനം കടന്നുപോകുമെങ്കിലും പ്രകോപിതരായ ആനകള്‍ പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്ക് നേരെയായിരിക്കും തിരിയുക.
ഇതും അപകടത്തിന് കാരണമാകുന്നു. യാത്രക്കിടെ ആനകൂട്ടത്തെ പ്രകോപിച്ചതിന് തമിഴ്‌നാട് സ്വദേശികളായ ആറ് പേര്‍ക്കെതിരെ ആഴ്ചകള്‍ക്ക് മുമ്പാണ് വനംവകുപ്പ് കേസെടുത്തത്. ഏഴ് വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. പല ആക്രമണങ്ങള്‍ക്ക് കാരണമാകുന്നത് സഞ്ചാരികള്‍ അനാവശ്യമായി പ്രകോപിക്കുന്നത് കൊണ്ടാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
എന്നാല്‍ സ്ഥിരം ശല്യക്കാരായ ഒറ്റയാനകളും ഈ മേഖലയിലുണ്ട്. വന്യമൃഗങ്ങളെ കാണുമ്പോള്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കുക, ഹോണടിക്കാതിരിക്കുക, ഭക്ഷണസാധനങ്ങള്‍ നൽകാതിരിക്കുക, അവയുടെ സഞ്ചാരപഥം തടയാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കണമെന്നാണ് വനംവകുപ്പ് സഞ്ചാരികള്‍ക്ക് നൽകുന്ന മുന്നറിയിപ്പ്.
#tourist #road #Kerala #run #over #vehicles #fought #over #wild #elephants