തൃശ്ശൂർ: (truevisionnews.com) ഡിസിസി ഓഫിസിലെ കയ്യാങ്കളിയിൽ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനെതിരെ പൊലീസ് കേസ്.
തൃശൂർ ഈസ്റ്റ് പൊലീസാണ് ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരം ജോസ് വള്ളൂരിനും കണ്ടാലറിയാവുന്ന 20 പേർക്കുമെതിരെ കേസെടുത്തത്. കെ.മുരളീധരന്റെ ഉറ്റ അനുയായി ആയ ഡിസിസി സെക്രട്ടറി സജീവൻ കുര്യചിറയുടെ പരാതിയിലാണ് കേസ്.
കോൺഗ്രസ് പാർട്ടിക്കു തന്നെ നാണക്കേടുണ്ടായ സംഭവത്തിൽ പാർട്ടി അടിയന്തര നടപടി സ്വീകരിക്കുമെന്നാണ് വിവരം. തൃശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്തെ തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്.
ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമപരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. ഡിസിസി ഓഫിസിൽ തമ്മിൽ തല്ലിയ കെ.മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും.
കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്.
ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയര്‍ന്നത്.
ആരോപണങ്ങൾ നേരിടുന്ന നേതാക്കളായ ജോസ് വള്ളൂർ, ടി.എൻ.പ്രതാപൻ, അനിൽ അക്കര എന്നിവർ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറാകാത്തതും ശ്രദ്ധേയമാണ്.
#Clash #DCCoffice: #Case #JoseVallur; #DCC #responsibility #seniorleader