കൊല്ലം: (truevisionnews.com) കുര്‍ബാന നടക്കേണ്ട സമയത്ത് പള്ളിയില്‍ നടന്നത് തമ്മിലടി. കൊല്ലം ആയൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലാണ് സംഘര്‍ഷമുണ്ടായത്.
വിലക്കേര്‍പ്പെടുത്തിയ ഇടവകാംഗങ്ങള്‍ വിലക്ക് ലംഘിച്ച് കുര്‍ബാനയ്ക്ക് കയറിയതാണ് തര്‍ക്കത്തിനും സംഘര്‍ഷത്തിനും കാരണമായത്. ഇടവക പൊതുയോഗം വിലക്കേര്‍പ്പെടുത്തിയ ഇടവകാംഗങ്ങളായ ജിജോ ടി.ലാല്‍, സി.വൈ. തോമസ് എന്നിവരാണ് പള്ളിയിലെത്തി ആക്രമണം നടത്തിയതെന്ന് പള്ളി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഞായറാഴ്ച കുര്‍ബാനയ്ക്കിടെ ഇരുവരും ചേര്‍ന്ന് ആക്രമണം നടത്തിയെന്നാണ് പരാതി. പള്ളി പൊതുയോഗങ്ങളിലും കമ്മിറ്റികളിലും ഇരുവരുടേയും നേതൃത്വത്തില്‍ സംഘര്‍ഷം പതിവായിരുന്നുവെന്നാണ് പറയുന്നത്.
കരോളിനിടെ യുവാവിനെ മര്‍ദിച്ചതോടെ രണ്ടുപേരെയും ശുശ്രൂഷകളില്‍നിന്നും സ്ഥാനങ്ങളില്‍നിന്നും പൊതുയോഗം വിലക്കിയിരുന്നു. ഞായറാഴ്ച വിലക്ക് ലംഘിച്ച് രണ്ടുപേരും കുര്‍ബാനയ്ക്ക് കയറി.
കമ്മിറ്റി അംഗങ്ങളും വികാരിയും ഇവരെ തടഞ്ഞു. എന്നാല്‍, ഇവര്‍ മടങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ഇടവകയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയ മെത്രാപ്പൊലീത്തയും മടങ്ങി. ഒടുവില്‍ ചടയമംഗലം പോലീസെത്തി തോമസിനോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.
പള്ളിയിലുണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ കൊട്ടാരക്കര ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. സംരക്ഷണം തേടി കോടതിയെ സമീപിക്കാനും കമ്മിറ്റി തീരുമാനമെടുത്തു.
#time #Mass #church #chaos.