തൃശ്ശൂര്‍: ( www.truevisionnews.com ) ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ മൂന്നാമതായതിനെത്തുടര്‍ന്ന് തൃശ്ശൂരിലെ കോണ്‍ഗ്രസില്‍ കലഹം തുടങ്ങി. പല നേതാക്കളുടെയും പദവികള്‍ തെറിക്കാന്‍ സാധ്യതയുണ്ട്. സംഘടനയ്‌ക്കെതിരേ മുരളീധരന്‍ തന്നെയാണ് ആദ്യം രംഗത്തുവന്നത്. പിന്നാലെ യൂത്ത് കോണ്‍ഗ്രസുമെത്തി.
സംഘപരിവാര്‍ ശക്തികള്‍ക്ക് സാംസ്‌കാരിക തലസ്ഥാനം തുറന്നുകൊടുത്തതിന്റെ ഉത്തരവാദിത്വം ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍, കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ എന്നിവര്‍ക്കാണെന്നാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം പരസ്യമായി ആരോപിച്ചത്. ഇരുവര്‍ക്കുമെതിരേ നഗരത്തില്‍ പോസ്റ്ററുകളും വന്നു.
തിരിച്ചടികിട്ടുമെന്ന കാര്യം മുരളീധരനോട് മുന്നറിയിപ്പായി പറഞ്ഞിരുന്നതാണെന്ന് അടുത്തിടെ പാര്‍ട്ടിവിട്ട പത്മജാ വേണുഗോപാല്‍കൂടി പറഞ്ഞതോടെ വിവാദം കത്തി. തോല്‍വി സംബന്ധിച്ച് ജില്ലാനേതൃത്വത്തോട് വിശദീകരണം തേടുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കി.
കാര്യങ്ങളുടെ പോക്ക് അറിഞ്ഞ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റു. മുരളീധരന്റെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും നേതാക്കള്‍ക്കെതിരായ നടപടി.
ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഇപ്പോഴൊന്നും തുടങ്ങിയതല്ല. വിമര്‍ശനങ്ങള്‍ വ്യക്തിപരമായെടുത്ത് കണക്കുതീര്‍ക്കുന്ന രീതി പാര്‍ട്ടി ചര്‍ച്ചകളിലെ തുറന്നുപറച്ചില്‍ ഇല്ലാതാക്കിയെന്നാണ് പ്രധാന വിമര്‍ശനം.
ഇതോടെ തിരുത്തല്‍പ്രക്രിയ അവസാനിച്ചു. കോണ്‍ഗ്രസിനും യു.ഡി.എഫിനും ഒരുകാലത്ത് വിശ്വാസം അര്‍പ്പിക്കാവുന്ന അണികളായിരുന്നു ജില്ലയിലേത്. എല്ലാ മതവിഭാഗങ്ങളിലേക്കും പടര്‍ന്നുകയറിയ ശക്തമായ അടിത്തറയുമുണ്ടായിരുന്നു. ചില ജനപ്രതിനിധികളുെട ആലോചനയില്ലാത്ത നിലപാടുകള്‍ അടിസ്ഥാനവോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കിയെന്നും ആരോപണമുണ്ട്.
സുരേഷ് ഗോപിക്കെതിരേ ഉയര്‍ത്തിക്കൊണ്ടു വന്ന ലൂര്‍ദ് പള്ളിയിലെ കിരീടവിവാദവും തേക്കിന്‍കാട്ടിലെ ചാണകവെള്ളം തളിക്കലുമെല്ലാം തിരിച്ചടിച്ചു. ഇത്തരം പ്രവൃത്തികള്‍ വിലക്കിയിട്ടും കൂസാതെ മുന്നോട്ടുപോയപ്പോള്‍ തക്കം പാര്‍ത്തിരുന്ന എതിരാളികള്‍ ഇതെല്ലാം മുതലെടുത്തുവെന്നും നേതാക്കള്‍ പറയുന്നു.
മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച ആവേശം നിലനിര്‍ത്താനാകാത്തത് ജില്ലയിലെ സംഘടനാസംവിധാനത്തിന്റെ ദൗര്‍ബല്യത്തെ കാണിച്ചു. നേതൃത്വത്തിന്റെ വലിയ പരാജയം ഇതുതന്നെയാണെന്നാണ് വ്യാഖ്യാനം. തിരഞ്ഞെടുപ്പിനുശേഷം നടന്ന അവലോകനയോഗത്തില്‍ പാളിച്ചകള്‍ പറ്റിയ നേതാക്കളെ പേരെടുത്തുപറഞ്ഞുതന്നെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു.
#thrissur #congress #blame #game #kmuraleedharan