ആലപ്പുഴ: (truevisionnews.com) കടയടിച്ചു തകർത്തത് വലിയ മനോവിഷമത്തിലാണെന്ന് ഹോട്ടൽ അടിച്ച് തകർത്ത കേസിലെ പ്രതിയായ സിപിഒ ജോസഫ്.
മകന് വയ്യാതായപ്പോൾ ഒരച്ഛനെന്ന നിലയിൽ വേദനിച്ചുവെന്ന് സിപിഒ ജോസഫ് പറഞ്ഞു. കടയിൽ നിന്ന് കുഴിമന്തി കഴിച്ചതോടെയാണ് മകന് വയ്യാതായത്.
പരാതിപ്പെട്ടിട്ടും നടപടികൾ ഉണ്ടായില്ല. ഈ മനോവിഷമത്തിൽ മദ്യപിച്ചതോടെ നില തെറ്റിപ്പോയെന്നും സിപിഒ മാധ്യമങ്ങളോട് പറഞ്ഞു. ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെഎഫ് ജോസഫ്. സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് കെഎഫ് ജോസഫ്. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നും പൊലീസുകാരൻ മൊഴി നൽകിയിരുന്നു.
ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ബൈക്കിന് മുന്നിൽ വടിവാൾ വെച്ച് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്.
കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമം നടത്തിയത്. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല.
പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയായിരുന്നു. പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ പ്രതികരിച്ചു.
#case #registered #police #attacked #hotel.