ഹരിപ്പാട്: ( www.truevisionnews.com )2018-ലെ മഹാപ്രളയകാലം. വീട്ടിൽനിന്നു പുറത്തേക്കിറങ്ങാൻ ശ്രമിച്ച രണ്ടുവയസ്സുകാരൻ മുറ്റത്തെ വെള്ളക്കെട്ടിലേക്കു വീണുപോയി. അയൽവാസിയുടെ കൺമുന്നിലായിരുന്നു അപകടം. അടുത്തനിമിഷം രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി.
അന്നു മരണമുഖത്തുനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട കുരുന്നാണ് പേവിഷബാധയേറ്റ് കഴിഞ്ഞദിവസം മരിച്ച പള്ളിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ എട്ടുവയസ്സുകാരൻ ദേവനാരായണൻ.
സംസ്കാരം വെള്ളിയാഴ്ച രാവിലെ വീട്ടുവളപ്പിൽ നടന്നു. അപ്പോഴും പ്രളയകാലം ഓർമ്മപ്പെടുത്തുന്ന തരത്തിൽ മുറ്റത്തു നിറയെ വെള്ളമായിരുന്നു. വെള്ളക്കെട്ടിൽ ഇഷ്ടിക അടുക്കിയാണ് സംസ്കാരത്തിനുള്ള ഒരുക്കം നടത്തിയത്.
പാടശേഖരത്തോടു ചേർന്നുള്ള നാലുസെന്റിൽ തീരെ ചെറിയൊരു കൂരയാണ്. ചെറിയ മഴയ്ക്കുപോലും മുറ്റത്തു വെള്ളംനിറയും. വീട്ടുപരിസരം മണ്ണിട്ടുയർത്തുന്ന പദ്ധതിയുടെ സഹായം ഈ കുടുംബം തേടിയെങ്കിലും ഫലമുണ്ടായില്ല.
സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ്. ആശാരിപ്പണിക്കാരനായ ദീപു ആറുമാസം മുൻപാണ് ജോലിതേടി ഗൾഫിൽ പോയത്.
കാര്യമായ സമ്പാദ്യമില്ല. ദീപുവിന്റെ അച്ഛനമ്മമാരായ ഗോപാലകൃഷ്ണൻ ആചാരിയും അംബികയും ചേർന്നാണ് ദേവനാരായണനെയും അനിയത്തി ദേവനന്ദയെയും നോക്കിവളർത്തുന്നത്. ദീപു നാട്ടിലെത്തിയശേഷമാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.
തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ ദേവനാരായണന് ചികിത്സ നൽകിയതിൽ ഹരിപ്പാട് ഗവ. ആശുപത്രിയിൽ വീഴ്ചയുണ്ടാതായ കുടുംബത്തിന്റെ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉറപ്പുനൽകിയതായി രമേശ് ചെന്നിത്തല എം.എൽ.എ. അറിയിച്ചു.
ഏപ്രിൽ 23-ന് വീട്ടുമുറ്റത്തുവെച്ചാണ് ദേവനാരായണനെ തെരുവുനായ ഓടിച്ചത്. തുടർന്ന് നായയ്ക്കൊപ്പം ഓടയിൽവീണു പരിക്കേറ്റ കുട്ടിയെ അന്നുതന്നെ ഹരിപ്പാട് ആശുപത്രിയിലെത്തിച്ചു.
നായ ഓടിച്ച വിവരം പറഞ്ഞെങ്കിലും ശരീരത്തിലുള്ളത് കല്ലുകൊണ്ട മുറിവാണെന്ന് ഡോക്ടർമാർ പറഞ്ഞത്രേ. ജൂനിയർ ഡോക്ടർമാരാണ് അന്ന് കുട്ടിയെ പരിശോധിച്ചത്. അടുത്തദിവസം ഇതേ ആശുപത്രിയിലെ മുതിർന്ന ഡോക്ടറെയും കണ്ടിരുന്നു.
അപ്പോഴും നായയുടെ കടിയേറ്റ അടയാളമില്ലെന്നു പറഞ്ഞ് മുറിവിൽ പുരട്ടാനുള്ള മരുന്നുനൽകി മടക്കിയതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പരാതി രമേശ് ചെന്നിത്തല വഴി ആരോഗ്യമന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും നൽകിയിട്ടുണ്ട്.
#attacked #stray #dog #eight #year #old #boy #dies #rabies