ചെട്ടികുളങ്ങര(ആലപ്പുഴ): (truevisionnews.com) വീശിയടിച്ച കാറ്റിലും കനത്തമഴയിലും കടപുഴകിയത് അരവിന്ദിന്റെ ജീവനൊപ്പം സ്വപ്നങ്ങളുമായിരുന്നു; ഒപ്പം കുടുംബത്തിന്റെ പ്രതീക്ഷകളും.
ശക്തമായ കാറ്റിൽ വീട്ടുമുറ്റത്തെ തെങ്ങ് കടപുഴകി ദേഹത്തു വീണാണ് യുവ എൻജിനിയറായ കൊയ്പള്ളി കരാണ്മ ചിറയിൽക്കുളങ്ങര ധർമപാലന്റെ മകൻ ഡി. അരവിന്ദ് (30) മരിച്ചത്.
അടുത്തമാസം ജോലിക്കായി ദുബായിലേക്കു പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപ്രതീക്ഷിത ദുരന്തം. അരവിന്ദിന്റെ മരണത്തോടെ ഞെട്ടറ്റത് ഒരു കുടുംബത്തിന്റെ വലിയ പ്രതീക്ഷകൾ.
ചൊവ്വാഴ്ച രാവിലെ ഒൻപതിനായിരുന്നു സംഭവം. വീട്ടുമുറ്റത്തെ പൈപ്പിനുസമീപം കൈ കഴുകുന്നതിനിടെ അരവിന്ദിനുമേൽ തെങ്ങു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.
പാലക്കാട്ടെ സ്വകാര്യ കമ്പനിയിലെ ഇലക്‌ട്രിക്കൽ എൻജിനിയറായിരുന്നു അരവിന്ദ്. ഏറെക്കാലത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദേശജോലിക്ക് അവസരമൊരുങ്ങിയത്.
വീടിനോടു ചേർന്ന് ധാന്യമില്ല് നടത്തി അതിൽനിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് അരവിന്ദിനെയും ഇളയസഹോദരി ഐശ്വര്യയെയും ധർമപാലൻ പഠിപ്പിച്ചത്.
കുടുംബത്തിന്റെ സാമ്പത്തികബാധ്യത തീർക്കാൻ വിദേശത്തു ജോലി നേടുകയെന്നത് അരവിന്ദിന്റെ സ്വപ്നമായിരുന്നു.
അപകടമറിഞ്ഞ് ഓടിക്കൂടിയ സുഹൃത്തുക്കൾക്ക് കൂട്ടുകാരന്റെ വേർപാട് താങ്ങാവുന്നതിനപ്പുറമായിരുന്നു. സഹോദരി ഐശ്വര്യക്ക് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലാണു ജോലി. അമ്മ: ജയശ്രീ. സംസ്കാരം ബുധനാഴ്ച 11-ന്.
#Aravind #life #dreams #broken #coconut #tree; #Death #going # Dubai #work