പത്തനംതിട്ട: ( www.truevisionnews.com ) ഡല്‍ഹി വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെട്ട് പോയ പോക്സോ കേസ് പ്രതിയെ പിടികൂടി പൊലീസ്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി സച്ചിന്‍ രവിയാണ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട് പോയത്.
ബംഗളരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയായിരുന്നു സച്ചിനെ പിടികൂടിയത്. പത്തനംതിട്ട സൈബർ പൊലീസ് രജിസ്ട്രർ ചെയ്ത കേസിലും പ്രതിയാണ് സച്ചിന്‍.
ഷാര്‍ജയില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സച്ചിനെ പത്തനംതിട്ടയില്‍നിന്നുള്ള സൈബര്‍ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ ഡല്‍ഹിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് വിമാനമാര്‍ഗ്ഗം എത്തിച്ച് ബസിൽ പത്തനംതിട്ടയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.
ചെന്നൈക്ക് സമീപം കാവേരിപട്ടണം എന്ന സ്ഥലത്ത് വാഹനമെത്തിയപ്പോള്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാനുള്ള സൗകര്യത്തിനായി ബസ് റോഡരികിൽ നിര്‍ത്തിയപ്പോഴാണ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് സച്ചിന്‍ രവി കടന്നുകളഞ്ഞത്.
തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ലുക്ക്ഔട്ട് നോട്ടീസ് നേരത്തെ പുറപ്പെടുവിച്ചിട്ടുള്ളതുകൊണ്ട് പൊതു ഇടങ്ങളില്‍ പലയിടത്തും സച്ചിന്റെ ചിത്രങ്ങള്‍ പതിച്ചിരുന്നു. 2019ൽ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടായിരുന്നു സൈബര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
#pocso #case #accused #escaped #delhi #arrested #bengaluru #police