കൊല്ലം : (truevisionnews.com) സ്വകാര്യ ബസിന്റെ ഓയിൽ ടാങ്കിൽ കടപ്പുറത്തുനിന്നുള്ള മണൽ വിതറി എൻജിൻ കേടാക്കിയതിന് മുൻ ജീവനക്കാരുടെ പേരിൽ പോലീസ് കേസെടുത്തു.
കാവനാട് സ്വദേശികളും സ്വകാര്യ ബസിലെ മുൻ ജീവനക്കാരുമായ ബിനു, ജൂഡ് എന്നിവരുടെ പേരിലാണ് ശക്തികുളങ്ങര പോലീസ് കേസെടുത്തത്.
കാവനാട് സ്വദേശി ലതയുടെ ഉടമസ്ഥതയിലുള്ള, കൊട്ടിയം-ചവറ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് കേടാക്കിയത്. കഴിഞ്ഞദിവസം സർവീസ് നടത്തുന്നതിനിടെ പുത്തൻതുറഭാഗത്തുവെച്ച് ബസ് കേടായി.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓയിൽ ടാങ്കിൽ മണലും വെള്ളവും കണ്ടെത്തിയത്. ബസ് പാർക്ക് ചെയ്യുന്ന സ്ഥലത്തെ സി.സി.ടി.വി.യിൽനിന്ന് മുൻ ഡ്രൈവർ ബിനു, ജീവനക്കാരനായ ജൂഡ് എന്നിവർ ബസിനുള്ളിൽ കയറുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി ശക്തികുളങ്ങര പോലീസ് പറഞ്ഞു.
ഇവർക്കൊപ്പം മറ്റൊരാൾകൂടി ക്യാമറ ദൃശ്യങ്ങളിലുണ്ട്. ഇയാൾ ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ദീർഘകാലം ഗൾഫിൽ ജോലി ചെയ്ത താൻ നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹംകൊണ്ടാണ് ബസ് വാങ്ങിയതെന്ന് ഉടമ ലതയുടെ മകൻ വിപിൻ പറഞ്ഞു.
സർവീസ് നോക്കിനടത്തിയിരുന്ന ബിനുവിനെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ജോലിയിൽനിന്നു നീക്കിയതിന്റെ വൈരാഗ്യത്തിൽ ബസ് കേടാക്കുകയായിരുന്നെന്നും വിപിൻ പറഞ്ഞു.
#engine #damaged #sand #oil #tank #bus #Case #behalf #exemployees