കൽപ്പറ്റ: (truevisionnews.com) ഏറ്റവും സജീവമായിരുന്ന മാവോയിസ്റ്റുകളുടെ കബനീ ദളത്തിൽ കേരളത്തിൽ അവശേഷിക്കുന്നത് നാലുപേർ മാത്രമെന്ന് പുറത്തുവരുന്ന വിവരം.
സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന്, പലരും ഗൗഡയ്ക്കൊപ്പം കേരളം വിട്ടെന്നാണ് റിപ്പോർട്ടുകൾ.
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് കർണാടക സ്വദേശി മാവോയിസ്റ്റ് സുരേഷ്, കീഴടങ്ങിയതോടെയാണ് പൊലീസിനും വിവിധ ഏജൻസികൾക്കും കൂടുതൽ വ്യക്തത കിട്ടിയത്.
കേരളത്തിലുണ്ടായിരുന്നത് ആകെ 12 മാവോയിസ്റ്റുകളാണ്. ഇനിതിടെ സി.പി.മൊയ്തീനും വിക്രം ഗൗഡയ്ക്കും ഇടയിൽ അഭിപ്രായ വ്യത്യാസമുണ്ടായി.
പിന്നാലെ ചേരിതിരിവും. ഇതോടെ, ഇതര സംസ്ഥാനത്ത് നിന്നുള്ള കേഡർമാർ, വിക്രം ഗൗഡയ്ക്കൊപ്പം കേരളം വിട്ടത്രെ. ഫെബ്രുവരിയിൽ കർണാടകത്തിലെ ചിക്കമംഗളൂരു, ഉഡുപ്പി, മേഖലകളിലേക്ക് നീങ്ങിയെന്നാണ് വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.
ഉഡുപ്പി ജില്ലയിലെ ബൈന്തൂർ കൊല്ലൂർ, മധൂർ, ജഡ്കൽ ഗ്രാമങ്ങളിൽ സംഘം എത്തിയതായി മംഗളൂരു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
വയനാട് തലപ്പുഴ സ്വദേശിയായ ജിഷയും വിക്രം ഗൗഡയ്ക്കൊപ്പമാണ്. കേരളത്തിൽ മലയാളികളായ സി.പി.മൊയ്തീൻ, മനോജ്, സോമൻ, തമിഴ്നാട്ടുകാരനായ സന്തോഷ് എന്നിവർ മാത്രമായി.
കമ്പമല, കേളകം, കൊട്ടിയൂർ, തിരുനെല്ലി കാടുകളിൽ മാറിമാറി തമ്പടിക്കുകയാണ് ഈ നാലംഗ സംഘം.
കഴിഞ്ഞ കുറച്ചുകാലമായി ബാണാസുര ദളവും, കബനി ദളവും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഇരു ദളത്തിലുമായി പതിനെട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ ചന്ദ്രൻ, ഉണ്ണിമായ എന്നിവരെ പേര്യ ചപ്പാരം ഏറ്റുമുട്ടലിനിടെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് പിടികൂടിയിരുന്നു.
കബനീ ദളം ഏരിയാ സെക്രട്ടറിയും മുൻ കമാൻഡറുമായ ആന്ധ്ര സ്വദേശി കവിത കണ്ണൂർ അയ്യംകുന്നിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
തിരുനെല്ലിയിൽ പോസ്റ്റർ പതിച്ച് മാവോയിസ്റ്റുകൾ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്.
മുതുമലൈ കേന്ദ്രീകരിച്ചുള്ള ശിരുവാണി ദളം, പാലക്കാട്-മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചുള്ള നാടുകാണി ദളം, കോഴിക്കോട്-വയനാട് അതിർത്തി മേഖല കേന്ദ്രീകരിച്ചുള്ള ബാണാസുര ദളം എന്നിവയുടെ പ്രവർത്തനമെല്ലാം നേരത്തെ നിലച്ചു.
ഒരു വർഷത്തിലധികമായി കണ്ണൂരിലെ ആറളത്തിനും വയനാട്ടിലെ തലപ്പുഴ്ക്കും വീരാജ് പേട്ടയിലെ ബ്രഹ്മഗിരി കാടുകൾക്കും ഇടയിലെ കബനീ ദളത്തിലൊതുങ്ങിയിരുന്നു കേരളത്തിലെ മാവോയിസ്റ്റ് സാന്നിധ്യം. അതും ദുർബലമാവുന്നതായാണ് പൊലീസ് റിപ്പോർട്ടുകൾ.
#Police #say #only #four #Maoists #remain #Kerala