തൃശൂർ : (truevisionnews.com) വിഷു സുദിനത്തിലാണ് ഏവർക്കും കൈനീട്ടം ലഭ്യമാകുക പതിവ്. എന്നാൽ ഇഷ്ടദേവന് കൈനീട്ടം സംക്രമ സുദിനത്തിലെത്തി.
വിഷുദിനത്തിൽ ഗുരുവായൂരപ്പന് ചാർത്താൻ 20 പവനിലേറെ തൂക്കം വരുന്ന പൊന്നിൻ കിരീടം സമ്മാനിച്ച് ദമ്പതിമാർ. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് തങ്കകിരീടം സമർപ്പിച്ചത്.
വിഷു തലേന്ന് ദീപാരാധന കഴിഞ്ഞായിരുന്നു കിരീട സമർപ്പണം. തങ്ക കിരീടത്തിന് 160.350 ഗ്രാം തൂക്കമുണ്ട്. ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വർണ കിരിടം സമർപ്പിച്ചത്. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചിരുന്നു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.
#Equinox #couples #present #20Pawan #gold #crowns #offering #Guruvayurappan.