Mar 29, 2024 09:57 PM

കോഴിക്കോട് : (truevisionnews.com) അക്കൗണ്ട് ഫ്രീസ് ചെയ്താലൊന്നും ജനങ്ങളുടെ ജനാധിപത്യ ബോധത്തെ കെടുത്താൻ ആവില്ലെന്നും കോൺഗ്രസിന്റെ സാമ്പത്തിക പ്രതിസന്ധി തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കില്ലെന്നും യുഡിഎഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി എംകെ രാഘവൻ.

കോൺഗ്രസ് അക്കൗണ്ട് ഫ്രീസ് ചെയ്ത നടപടയിൽ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തെ കുറിച്ച് സ്ഥാനാർഥി പര്യടനത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.കെ രാഘവൻ.

മോദി ഭരണകൂടം രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർട്ടിയുടെ അക്കൗണ്ട് ഫ്രീസ് ചെയ്തിരിക്കുകയാണ്. ഇതിനെതിരെ ജനങ്ങളിലേക്ക് ഇറങ്ങാൻ കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശമുണ്ട്.

യുഡിഎഫ് പ്രവർത്തകർ വീടുകളിൽ കയറി പണം കണ്ടെത്തി ഇതിനെ മറികടക്കും. അതു വിജയിക്കുക തന്നെ ചെയ്യും. കാരണം ജനങ്ങൾ എല്ലാം മനസ്സിലാക്കുന്നുണ്ട്.

ജനങ്ങൾ ഇന്ത്യ മുന്നണിക്കൊപ്പം അതിനെ നേരിടാൻ തയാറായി ഇരിക്കുകയാണ്. അവരെ ഞങ്ങൾ സമീപിക്കും. അവരിൽ നിന്നും പണം സ്വീകരിക്കും.

അങ്ങനെ നമ്മൾ സാമ്പത്തിക പ്രതിസന്ധിയെ ഇല്ലാതാക്കി തിരഞ്ഞെടുപ്പിനെ നേരിടും എംകെ രാഘവൻ പറഞ്ഞു. രാജ്യത്ത് എല്ലാവിധ ഫാസിസ്റ്റ് നടപടിയും നേരിട്ടുകൊണ്ടിരിക്കുകയാണ് കോൺഗ്രസ്.

ഇപ്പോൾ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തു. ഒരു തെളിവും ഉണ്ടായിട്ടല്ല കർണാടകയിൽ ഡികെ ശിവകുമാറിനെതിരെ കേസെടുത്തത്.

മൂന്നു മാസം ജയിലിലും ഇട്ടു. എന്നാൽ കോടതിയിൽ നിന്നും നിരപരാധിയായി പുറത്തുവന്നു ഇപ്പൊൾ ബിജെപിയെ കർണാടകയിൽ നിന്നും പുറത്താക്കി ഭരിക്കുന്നു.

അതുപോലെ ചിദംബരത്തെ ജയിലിലാക്കി. എന്നാൽ ഇതുവരെ ചിദംബരത്തിനെതിരെ ഒരു ചാർജ് ഷീറ്റ് പോലും നൽകാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

അധികാര ധാർഷ്ട്യവും ധിക്കാരവുമാണ് ബിജെപിയെ നയിക്കുന്നത്. രാജ്യത്ത് എന്തും ചെയ്യാം എന്ന് അവസ്ഥയാണ്. രാജ്യം ഏകാധിപത്യത്തിലേക്കാണ് നീങ്ങുന്നത്.

പുതിന്റെ റഷ്യയിൽ പ്രതിപക്ഷ പാർട്ടികൾക്കെതിരെ നടക്കുന്നതൊക്കെ ഇങ്ങനെ പോയാൽ നാളെ ഇന്ത്യയിലും നടക്കാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

രാജ്യത്തെ പ്രതിപക്ഷ പാർട്ടി നേതാക്കൾ അവിചാരിതമായി വിഷം ഉള്ളിൽ ചെന്നും മറ്റും മരിക്കാൻ സാധ്യതയുണ്ട്.

അതിനു മുന്നേ ഇവരെ ഭരണത്തിൽ നിന്നും താഴെ ഇറക്കേണ്ടതുണ്ട്. അതിനുള്ള പോരാട്ടത്തിന് രാജ്യത്തെ 28 പ്രതിപക്ഷ കക്ഷികൾ ചേർന്ന് രൂപപ്പെടുത്തിയ ഇന്ത്യ മുന്നണി ശക്തമായി നീങ്ങുകയാണെന്നും എംകെ രാഘവൻ കൂട്ടിച്ചേർത്തു.

#people #MKRaghavan #says #financialcrisis #not #affect #election #activity

Next TV

Top Stories