(truevisionnews.com) കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ നടന്ന പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ മൂവാറ്റുപുഴ ഡിവൈഎസ്പിയെ മർദ്ദിച്ചെന്ന് എഫ്ഐആർ. ഡീൻ കുര്യക്കോസ്, മാത്യു കുഴൽനാടൻ, മുഹമ്മദ് ഷിയാസ്, എൽദോസ് കുന്നപ്പിള്ളി എന്നിവരാണ് പ്രധാന പ്രതികൾ.
പൊലീസിനെ മർദിച്ച് മൃതദേഹം കൈവശപ്പെടുത്തിയെന്നും കൃത്യ നിർവഹണം തടപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു. കോതമംഗലം പ്രതിഷേധത്തിനെതിരെ മൂന്ന് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്.
ജാമ്യമില്ല വകുപ്പുകൾ ചുമത്തിയാണ് കേസുകൾ എടുത്തിരിക്കുന്നത്. പ്രതിഷേധം രാഷ്ട്രീയവത്കരിച്ചതിനോട് യോജിപ്പില്ലെന്ന് സഹോദരൻ പറഞ്ഞിരുന്നു. മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി എടുത്ത് പ്രതിഷേധിച്ചതിനോട് യോജിപ്പില്ല.
മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും സഹോദരൻ സുരേഷ് പ്രതികരിച്ചു. പ്രതിഷേധമൊക്കെ വേണ്ടതാണ്. പക്ഷേ, അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോട് യോജിപ്പില്ല എന്ന് സുരേഷ് പ്രതികരിച്ചു.
മൃതദേഹം മോർച്ചറിയിൽ നിന്ന് ബലമായി കൊണ്ടുവന്നതിനോട് യോജിപ്പില്ല. നമ്മുടെ ബന്ധുക്കളിലാരെങ്കിലും മരിച്ചാൽ അതിൻ്റെ വിഷമം കാണുമല്ലോ. അതിനിടയിൽ ഇവരിങ്ങനെ നിഷ്ഠൂരമായി ചെയ്യുമെന്ന് വിചാരിച്ചില്ല. പൊലീസുകാർ അവരുടെ ജോലിയാണ് ചെയ്തത്.
പ്രതിഷേധക്കാർ മൃതദേഹത്തോട് അനാദരവ് കാട്ടി. മൃതദേഹം അഞ്ചാറ് മണിക്കൂറ് വച്ചു. അതിനോടൊന്നും യോജിപ്പില്ലായിരുന്നു. ഇനി പ്രതിഷേധിക്കാനില്ല എന്നും സുരേഷ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ കൈക്കലാക്കിയത്.
കളക്ടറുൾപ്പെടെ എത്തിയിട്ടും പരിഹാരമായിരുന്നില്ല. പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾ അനുവദിക്കില്ലെന്നായതോടെ പൊലീസ് ബലംപ്രയോഗിക്കുകയായിരുന്നു. സംഭവത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കോതമംഗലത്തെ ഉപവാസ സമരവേദിയിൽ നിന്നാണ് നേതാക്കളെ കസ്റ്റഡിയിൽ എടുത്തത്. മുഹമ്മദ് ഷിയാസിനെ ഊന്നുകൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്ന് സൂചനയുണ്ടെങ്കിലും നേതാക്കൾ എവിടെയെന്ന് കൃത്യമായി ആർക്കും അറിയില്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
മൂന്ന് മണിയോടെ ഇരുവർക്കും ഇടക്കാല ജാമ്യം അനുവദിച്ചു. വിളവെടുപ്പിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇന്ദിര.
ആനകളെ തുരത്താൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇന്ദിരയെ കോതമംഗലം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
#Protest #Kothamangalam; #FIR #Congress #leaders #assaulted #DySP