പത്തനംതിട്ട: (truevisionnews.com) വന്ദേഭാരത് ട്രെയിൻ സർവ്വീസ് എറണാകുളം – ബെംഗളൂരു, കോയമ്പത്തൂർ – തിരുവനന്തപുരം എന്നീ റൂട്ടുകളിൽ ഒരിടത്ത് കൂടി ലഭിച്ചേക്കും. തിരുവനന്തപുരം ഡിവിഷന്റെ പക്കലുള്ള വന്ദേഭാരത് സ്പെയർ ട്രെയിൻ ഉപയോഗിച്ചാണ് സർവ്വീസ് ലഭിക്കുക.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം – കാസർകോട് വന്ദേഭാരത് മംഗളൂരുവിലേക്കു നീട്ടാൻ റെയിൽവേ തീരുമാനിച്ചതോടെയാണ് പുതിയ സർവ്വീസിനുള്ള തീരുമാനം. കേരളം ആദ്യം മുതൽ എറണാകുളം–ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അറ്റകുറ്റപ്പണി സൗകര്യം ഇല്ലാതിരുന്നതിനാൽ പരിഗണിച്ചിരുന്നില്ല.
കാസർകോട് ട്രെയിൻ മംഗളൂരുവിലേക്കു നീട്ടുന്നതോടെ ട്രെയിനിന്റെ തിരുവനന്തപുരത്തെ അറ്റകുറ്റപ്പണിയും അവിടേക്കു മാറും. ഇതോടെ സ്പെയർ റേക്ക് ഇല്ലാതെ സർവീസ് നടത്താൻ കഴിയും. വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി വൈദ്യുതീകരിച്ച പിറ്റ്‌ലൈൻ എറണാകുളത്ത് ഉടൻ കമ്മിഷൻ ചെയ്യും.
ബെംഗളൂരു സർവീസിന്റെ ആവശ്യകത ബോധ്യപ്പെടുത്തി ഹൈബി ഈഡൻ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. പുലർച്ചെ അഞ്ചിന് ബെംഗളൂരുവിൽനിന്നു പുറപ്പെടുന്ന തരത്തിൽ ട്രെയിൻ സർവ്വീസ് വേണമെന്നാണ് കത്തിൽ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കോയമ്പത്തൂർ–തിരുവനന്തപുരം വന്ദേഭാരതിനായി പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ, കോയമ്പത്തൂർ എം എൽ എ വാനതി ശ്രീനിവാസൻ എന്നിവർ റെയിൽവേ മന്ത്രിയെ കണ്ടിരുന്നു. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു പുലർച്ചെ മൂന്നിന് ഐലൻഡ് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത പ്രതിദിന ട്രെയിൻ രാവിലെ എട്ട് മണിക്കുള്ള ശബരി എക്സ്പ്രസാണെന്നും ഇരുവരും അറിയിച്ചിരുന്നു.
#Vandebharath #chance #Kerala #Two #routes #under #consideration