കണ്ണൂർ: (truevisionnews.com) കോച്ചുകൾ കൂട്ടാതെയും കൃത്യസമയം പാലിക്കാതെയും ഓടുന്ന പരശുറാം എക്സ്പ്രസിലെ തിരക്കിൽ വിദ്യാർത്ഥിനി കുഴഞ്ഞുവീണു.
മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസിൽ (16649) തിങ്കളാഴ്ച രാവിലെ എലത്തൂരിലാണ് സംഭവം. വന്ദേഭാരതിനു(20631) വേണ്ടി പരശുറാം പിടിച്ചിട്ടപ്പോഴാണ് തിങ്ങിനിറഞ്ഞ ലേഡീസ് കോച്ചിൽ സ്കൂൾ വിദ്യാർത്ഥിനി കുഴഞ്ഞുവീണത്.
യാത്രക്കാർ വെള്ളം കൊടുത്തു. പെൺകുട്ടിയെ കോഴിക്കോട്ട് ഇറക്കി. ശ്വാസം മുട്ടിപ്പോകുന്ന തിരക്കായിരുന്നു പരശുറാമിലെന്ന് യാത്രക്കാരിയും ആരോഗ്യവകുപ്പ് ജീവനക്കാരിയുമായ ഷീബ ബാബു പറഞ്ഞു.
നാലുമാസത്തിനിടെ പരശുറാം എക്സ്പ്രസിൽ മാത്രം വിദ്യാർത്ഥിനികൾ ഉൾപ്പെടെ 18 വനിതാ യാത്രക്കാർ തളർന്നുവീണു. ജനുവരി, ഫെബ്രുവരി മാസത്തിൽ എട്ട് വിദ്യാർത്ഥിനികളാണ് തളർന്നുവീണത്.
പരശുറാമിലെ തിരക്ക് പരിഹരിക്കാൻ സൗകര്യമൊരുക്കുമെന്ന് റെയിൽവേ അധികൃതർ മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ അറിയിച്ചിരുന്നു. കോച്ച് കൂട്ടുമെന്നും സൂചിപ്പിച്ചിരുന്നു. എന്നാൽ കോച്ച് കൂട്ടിയില്ല. നാഗർകോവിലിൽ പ്ലാറ്റ്ഫോമിന് നീളമില്ലെന്ന സാങ്കേതികത്വമാണ് പറയുന്നത്. വന്ദേഭാരത് ഉൾപ്പെടെ വണ്ടികൾക്കുവേണ്ടി പരശുറാം പിടിച്ചിടുന്നത് തുടരുകയാണ്.
ദേശീയപാത 66-ന്റെ പണി നടക്കുന്നതിനാൽ ഭൂരിഭാഗം യാത്രക്കാരും ബസ്, സ്വകാര്യവാഹന യാത്ര ഒഴിവാക്കി. എന്നാൽ തീവണ്ടികളെ ആശ്രയിക്കുന്നവർവർക്ക് പാസഞ്ചർ വണ്ടികളോ ജനറൽ കോച്ചുകളോ ഇല്ലാത്ത അവസ്ഥയാണിപ്പോൾ.
കോഴിക്കോട്-തൃശ്ശൂർ-കോഴിക്കോട് സ്പെഷ്യൽ എക്സ്പ്രസ് നിർത്തലാക്കുകയും ചെയ്തു. ബെംഗളൂരുവിൽനിന്ന് മംഗളൂരു വഴി കണ്ണൂരിലേക്കുള്ള എക്സ്പ്രസ് (16511/16512) കോഴിക്കോട്ടേക്ക് നീട്ടുമെന്ന ഉത്തരവ് വന്നിട്ട് 20 ദിവസം കഴിഞ്ഞു.
എന്നിട്ടും വണ്ടി കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുകയാണ്. ജനുവരി 23-നാണ് റെയിൽവേ ഉത്തരവിറങ്ങിയത്. വണ്ടി നീട്ടരുതെന്നാവശ്യപ്പെട്ട് ദക്ഷിണ കന്നട എം.പി. ബി.ജെ.പി.യിലെ നളിൻകുമാർ കട്ടീൽ റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു.
#Student #fainted #parasuram #Express