മാനന്തവാടി: (truevisionnews.com) മനുഷ്യ – വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ഭീകരമായ അവസ്ഥയാണു നിലനിൽക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു തരത്തിലുള്ള കൃഷിയും നടക്കുന്നില്ല. എല്ലാവരും കഷ്ടപ്പാടിലും കടക്കെണിയിലുമാണ്. ഇവിടെ ഭീതിദമായ അവസ്ഥയാണ്.
കുഞ്ഞുങ്ങളെ എങ്ങനെ സ്കൂളിൽ അയയ്ക്കും. ഞാൻ നിയമസഭയിൽ ചോദിച്ചത് അതാണ്. വീട്ടിൽനിന്ന് ആർക്കും പുറത്തിറങ്ങാൻ സാധിക്കാത്ത ഭീതിതമായ അവസ്ഥ. അജീഷിനെ ആക്രമിച്ചു കൊല്ലുന്ന അവസ്ഥ തന്നെ ഭീകരമാണ്.
നിഷ്ക്രിയത്വം വെടിഞ്ഞു കൃത്യമായ പരിപാടികളുമായി സർക്കാർ മുന്നോട്ടു പോകണം. നഷ്ടപരിഹാരം കൊടുക്കുന്ന കാര്യത്തിൽ വലിയ പരാജയമാണ്. പലർക്കും നഷ്ടപരിഹാരം കൊടുത്തിട്ടില്ല. മരിച്ച ആളുകളുടെ ബന്ധുക്കൾക്ക് ഇതുവരെ ജോലി കൊടുത്തിട്ടില്ല.
ഈ വർഷം 48 കോടിയാണ് ബജറ്റിൽ വച്ചിരിക്കുന്നത്. അത്രയും ലാഘവത്തോടെയാണ് സർക്കാർ ഈ വിഷയത്തെ കാണുന്നത്. ഈ വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട ആവശ്യമില്ല. ഈ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ചെയ്തു നൽകണം.
അത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. കാസർകോട് മുതൽ ചർച്ച നടത്തിയതിൽ ഏറ്റവും കൂടുതൽ ഉയർന്നുവന്നത് കർഷകരുടെയും വന്യജീവി ആക്രമണങ്ങളുടെയും പ്രശ്നമാണ്.
ഹൃദയം പൊട്ടിയാണ് പലരും സംസാരിച്ചത്. ഇനി ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണം.
റേഡിയോ കോളറിന്റെ യൂസർ നെയിമും പാസ്‌വേഡും കേരള വനംവകുപ്പിനും കർണാടക വനംവകുപ്പിനും ഒരുപോലെയാണ് നൽകിയത്. മുഖ്യമന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആവശ്യമെങ്കിൽ കർണാടകയിൽ പോയി ചർച്ച നടത്തട്ടെയെന്നും സതീശൻ പറഞ്ഞു.
#Many #spoke #broken #heart'; #VDSatheesan #visited #family #members #Ajeesh #who #killed #attack