കൊല്ലം : (truevisionnews.com) "കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്നാണ് " പഴമൊഴി . ഈ ചൊല്ല് ശരി വെയ്ക്കുന്ന വിധത്തിലാണ് ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ സംസ്ഥാന സ്കൂൾ കലോത്സവത്തിനായി കൊല്ലം നഗരത്തിൽ ഒരുക്കിയ ഒരുക്കങ്ങൾ.

നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന ആശ്രമം മൈതാനത്തിലാണ് പ്രധാന വേദി. ആശ്രമം മൈതാനം അഷ്ട ശിൽപ പാർക്ക് കൂടിയാണ്. 29 ഏക്കറോളം വിസ്തൃതിയുള്ള ആശ്രമം മൈതാനo കലാസ്നേഹികളുടെ തള്ളിക്കയറ്റത്തിലും കാണികൾക്ക് അലോസരമുണ്ടാക്കില്ല.
വിപുലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ഭാഗമായി ആശ്രമം മൈതാന പരിസരത്ത് ആകർഷകമായ ദീപാലങ്കരം ഒരുക്കിയിട്ടുണ്ട്. സമീപത്ത് സ്ഥിതിചെയ്യുന്ന മുൻസിപ്പൽ പാർക്കും കലോത്സവം കാണാൻ എത്തുന്നവർക്ക് ഇരിട്ടി മധുരം സമ്മാനിക്കുമെന്ന് ഉറപ്പാണ്.
നഗര ചരിത്രത്തിൽ ഇടം നേടിയ ആശ്രമം മൈതാനം പഴയ കാലത്ത് വിമാനത്താവളമായും ഉപയോഗിച്ചിരുന്നു. 1932 ൽ തിരുവനന്തപുരത്ത് വിമാനത്താവളം വരുന്നതിന് മുമ്പ് കൊല്ലം ആശ്രമം മൈതാനം ചെറിയ വിമാനങ്ങൾ ഇറങ്ങുന്നതിന് ഉപയോഗിച്ചിരുന്നു.
2008- ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. കൊല്ലം ജില്ലയില്‍ ഇത് നാലാമത്തെ തവണയാണ് കലോത്സവം നടക്കുന്നത്. 1957-ല്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന മേള 2018-ല്‍ പരിഷ്കരിച്ച മാനുവലിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്.
2009 മുതല്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി സ്കൂള്‍ കലോത്സവത്തിന്‍റെ ഭാഗമായതോടെ 239 (ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ 96 ഉം ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 105 ഉം, സംസ്കൃതോത്സവത്തില്‍ 19 ഉം അറബിക് കലോത്സവത്തില്‍ 19 ഉം ) ഇനങ്ങളിലായി 14,000-ത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.
സംസ്കൃതോത്സവവും, അറബിക് കലോത്സവവും ഇതോടനുബന്ധിച്ച് നടക്കും. അന്യം നിന്നു പോകുമായിരുന്ന നാടന്‍കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്കൂള്‍ കലോത്സവം നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്.
മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്കാരിക സ്കോളര്‍ഷിപ്പായി 1000/- രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്.
വിധി കര്‍ത്താക്കളുടെ വിധിനിര്‍ണ്ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. നാളെ (ജനുവരി 4 ) രാവിലെ 9.00 ന് ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ് എസ് ഐ.എ.എസ് പതാക ഉയര്‍ത്തുന്നതാണ്.
തുടർന്ന് പ്രധാന വേദിയിൽ ദൃശ്യവിസ്മയം അരങ്ങേറും. കലോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു ഗോത്രകല കലോത്സവത്തിന്റെ ഭാഗമാകും. മങ്ങലം കളിയാണ് ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകുന്നത്. കാസർഗോഡ് ജില്ലയിലെ ഗോത്രവിഭാഗക്കാരായ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമ്മങ്ങളുടെ സമയത്ത് നടത്തിവരുന്ന നൃത്തമാണിത്.
കല്യാണക്കളി എന്നും ഇത് അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്ന് സ്ത്രീകളും പുരുഷന്മാരും ചുവടുവെച്ച്, വട്ടം തിരിഞ്ഞ് നൃത്തം ചെയ്യുന്നു. ഓരോ പാട്ടിലും ഗോത്രവർഗ്ഗ ജീവിതത്തിൻ്റെ യഥാർത്ഥ പരിസരവും ദുഃഖവും സന്തോഷവും നിത്യജീവിതരാഗങ്ങളും കാണാം. തുടിയാണ് പ്രധാന വാദ്യോപകരണം.
ഇത്തവണ പ്രദർശന ഇനം എന്ന നിലയ്ക്കാണ് ഗോത്രകല കലോത്സവത്തിൽ അവതരിപ്പിക്കുന്നത്. അടുത്ത തവണ മുതൽ ഗോത്ര കലകൾ മത്സര ഇനം ആക്കുന്ന കാര്യം സജീവ പരിഗണനയിൽ ആണ്. ദൃശ്യ വിസ്മയത്തിൽ ഇതു കൂടാതെ ഭിന്നശേഷി കുട്ടികൾ അവതരിപ്പിക്കുന്ന ചെണ്ടമേളം,മയിലാട്ടം,ശിങ്കാരിമേളം,കളരിപ്പയറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. രാവിലെ 10 മണിക്ക് പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തും നമ്മുടെ സ്‌കൂളുകളിലെ കുട്ടികളും അണിനിരക്കുന്ന കലോത്സവ സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്കാരം അരങ്ങേറും.
തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് ഐ.എ.എസ്. സ്വാഗതം ആശംസിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, ഗതാഗത വകുപ്പ് മന്ത്രി .കെ.ബി.ഗണേഷ് കുമാര്‍, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി .പി എ മുഹമ്മദ് റിയാസ്, റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍, എൻ കെ പ്രേമചന്ദ്രൻ എം പി ,കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ്, മുകേഷ് എം എൽ എ,ചലച്ചിത്ര താരം നിഖില വിമൽ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഒന്നാം വേദിയില്‍ ഹൈസ്കുള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം മത്സരം ആരംഭിക്കും. ആദ്യ ദിവസം 23 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ജനുവരി 8-ന് തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും.
ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാലിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സുവനീര്‍ പ്രകാശനം നിര്‍വഹിക്കുന്നു.
വിജയികള്‍ക്കുള്ള സമ്മാനദാനം വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ എന്നിവര്‍ക്ക് പുറമെ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്യും. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20 കമ്മറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
#light #everywhere #KalaMamangam #starts #tomorrow
