കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണ്ണ കപ്പ് കോഴിക്കോട് ജില്ലയിൽ നിന്ന് ഘോഷയാത്രയായി കൊല്ലത്തെത്തിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ കപ്പ് ഏറ്റുവാങ്ങി.

കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര ഇന്ന് വൈകീട്ടോടുകൂടി കൊല്ലം ആശ്രമ മൈതാനത്ത് എത്തിച്ചേരുകയായിരുന്നു.
ഇന്നലെ കോഴിക്കോട് നടന്ന ചടങ്ങിൽ മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മീഷണറായ ഗിരീഷ് ചോലയിലിന് സ്വർണ്ണക്കപ്പ് കൈമാറിയായിരുന്നു ഘോഷയാത്രയ്ക്ക് തുടക്കം.
അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ രാവിലെ കൊല്ലം ആശ്രമ മൈതാനത്ത് തിരിതെളിയും. ഒരു ദിവസം ബാക്കി നിൽക്കേ വേദികളുടെയും അനുബന്ധ നിർമാണങ്ങളും അവസാനഘട്ടത്തിലാണ്.
വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളും രക്ഷകർത്താക്കളും അധ്യാപകരും കൊല്ലത്തേക്ക് എത്തിതുടങ്ങി. നഗരത്തോട് ചേർന്നുള്ള വിവിധ സ്കൂളുകളിലാണ് ഇവർക്കുള്ള താമസം ഒരുക്കിയിരിക്കുന്നത്. വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.
#kerala #school #kalolsavam #2024 #kollam
