പാലക്കാട്: (truevisionnews.com) പാലക്കാട്ടെ ഗവ. സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി. പാലക്കാട് കുമരനെല്ലൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ -പ്ലസ്ടു വിദ്യാർത്ഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.

വിദ്യാർത്ഥികൾ തമ്മിൽ നേരത്തെയും സ്കൂളിൽ സംഘർഷമുണ്ടായിരുന്നു. ഇന്ന് രാവിലെയായിരുന്നു വീണ്ടും സംഘർഷമുണ്ടായത്. സംഘർഷത്തിൽ 4 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനും പരിക്കേറ്റു.
സംഘർഷത്തിനിടെ വിദ്യാർത്ഥികളെ പിടിച്ചുമാറ്റാൻ ശ്രമിച്ച അധ്യാപകനാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ 14 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി അധികൃതർ അറിയിച്ചു.
സ്കൂളിൽ അടിയന്തര പിടിഎ യോഗം ചേർന്നു. നവംബർ 25ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളും പ്ലസ്ടു വിദ്യാർത്ഥികളും തമ്മിൽ സ്കൂളിന് പുറത്ത് സംഘർഷമുണ്ടായിരുന്നു.
സ്കൂൾ വരാന്തയിലൂടെ നടന്നുവെന്നതിൻറെ പേരിലായിരുന്നു അന്ന് സംഘർഷമുണ്ടായത്. ഇതിനുപിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും സമാനമായ സംഭവത്തിൻറെ പേരിൽ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിനുള്ളിൽ സംഘർഷമുണ്ടായത്.
പ്ലസ് വൺ ക്ലാസിൻറെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാർത്ഥികൾ നടന്നുവെന്നതിൻറെ പേരിലാണ് ഇന്ന് സംഘർഷമുണ്ടായത്.
#PlusOne #PlusTwo #students #clashed #students #teacher #injured
