എറണാകുളം : (www.truevisionnews.com) നാടിനെ നടുക്കിയ കളമശ്ശേരിയിലെ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു.
ഇടുക്കി വണ്ടമറ്റം കുളങ്ങര തൊട്ടിയിൽ ജോണാണ് (76) മരിച്ചത്. റവന്യൂ വകുപ്പ് റിട്ട. ഉദ്യോഗസ്ഥനാണ്. ഗുരുതര പൊള്ളലേറ്റതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇതോടെ, ഒക്ടോബർ 29നുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. ഒരു കുടുംബത്തിലെ മൂന്നു പേരുൾപ്പെടെയാണിത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ജോണിന്‍റെ ഭാര്യ ലില്ലിയും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമറ്റം സഹകരണ ബാങ്ക് ഉദ്യോഗസ്ഥയാണ് ഇവർ.
മക്കള്‍: ലിജോ, ലിജി, ലിന്‍റോ (യു.എസ്.എ). മരുമക്കള്‍: മിന്‍റു കളത്തൂര്‍ മഠത്തില്‍ പള്ളിക്കത്തോട്, സൈറസ് വടക്കേ കുടിയിരുപ്പില്‍ കൂത്താട്ടുകുളം, റീന. സംസ്‍കാരം പിന്നീട്.
കാലടി മലയാറ്റൂർ കടവൻകുഴി വീട്ടിൽ പ്രദീപന്‍റെ ഭാര്യ റീനാ ജോസ് എന്ന സാലി (45), മക്കളായ പ്രവീൺ പ്രദീപൻ (24), ലിബിന (12), തൊടുപുഴ കാളിയാർ സ്വദേശി കുമാരി (45), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ആലുവ മുട്ടം സ്വദേശി മോളി ജോയ് (61) എന്നിവരാണ് നേരത്തേ മരിച്ചത്. സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിൻ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
#Kalamasseryblast #Another #person #who #under #treatment #died