മലപ്പുറം: (truevisionnews.com) മലപ്പുറത്ത് പെരുവള്ളൂരിലെ വിവിധ ഭാഗങ്ങളിൽ മൂന്ന് നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും കുറുനരി കടിച്ച് പരിക്കേൽപ്പിച്ചു.
അക്രമകാരിയായ കുറുനരിക്ക് പേവിഷബാധയുള്ളതായി കണ്ടെത്തി. കഴിഞ്ഞ ദിവസം പെരുവള്ളൂർ പഞ്ചായത്തിലെ ഏഴാം വാർഡിലാണ് സ്ത്രീകൾക്ക് കുറുനരിയുടെ കടിയേറ്റത്.
പ്രദേശവാസികളായ സുധി കോഴിക്കനി, ജാനു കനിക്കുളത്തുമാട്, ഇ പി ഫാത്തിമ കെ കെ എന്നിവരെയാണ് കുറുനരി അക്രമിച്ചത്. കൂടാതെ ആട്, പശുക്കുട്ടി, വളർത്തു നായ എന്നിവയെയും കുറുനരി കടിച്ചു.
അതിനിടെ തെരുവു നായകള്‍ കൂട്ടം ചേർന്ന് കുറുനരിയെ കടിച്ചുകൊല്ലുകയും ചെയ്തു. തുടർന്ന് കുറുനരിയുടെ ജഡം വെറ്ററിനറി കോളജിലേക്ക് പരിശോധനക്കും തുടർനടപടികൾക്കും അയച്ചിരുന്നു.
ഇവിടെ നിന്നുള്ള പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പരിക്കേറ്റവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. കടിയേറ്റ വളര്‍ത്തു മൃഗങ്ങളെ പറമ്പിൽ പീടിക വെറ്ററിനറി ഡോക്ടർ പരിശോധിച്ചു.
കുറുനരിയെ തെരുവുനായകള്‍ കടിച്ച സ്ഥിതിക്ക് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കലാം, പറമ്പിൽപീടിക വെറ്ററിനറി ഡിസ്‌പെൻസറിയിലെ ഡോ കെ ജാബിർ എന്നിവർ നിർദേശം നൽകി. പെരുവള്ളൂരിന്റെ പല ഭാഗങ്ങളിലും തെരുവു നായ ശല്യം രൂക്ഷമാണ്.
#Malappuram #three #women #bitten #jackal #jackal #bitten #dogs #Rabies #confirmed