#Sharonmurdercase | ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യം, ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

#Sharonmurdercase | ഷാരോൺ വധക്കേസ്; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യം, ഹർജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
Sep 25, 2023 07:11 AM | By MITHRA K P

കൊച്ചി: (truevisionnews.com) ഷാരോൺ വധക്കേസിൽ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.

കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകിയത്.

ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ തിരുവനന്തപുരത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഷാരോണിന്റെ മരണമൊഴിയിൽ പോലും കാമുകിയായിരുന്ന ഗ്രീഷ്മയെ സംശയിച്ചിരുന്നില്ല.

ആദ്യം പാറശ്ശാല പൊലീസ് സ്വാഭാവിക മരണമെന്ന നിഗമനത്തിലെത്തിയ കേസിൽ പിന്നീട് പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ വിഷം കൊടുത്തതാണെന്ന് തെളിഞ്ഞത്. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടി കാമുകനായ ഷാരോണിനെ ഒഴിവാക്കാനായിരുന്നു ഗ്രീഷ്മ കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്ന പൊലീസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവരെയും പ്രതി ചേർത്തത്.

#Sharonmurdercase #Today #HighCourt #consider #transfertrial #TamilNadu

Next TV

Related Stories
Top Stories










Entertainment News