(www.truevisionnews.com) ഒടുവിൽ ആ കടം ബ്ലാസ്റ്റേഴ്സ് വീട്ടി. 2023-2024 സീസൺ ഇന്ത്യൻ സൂപ്പർ ലീഗിന് ഇതിലും മികച്ച തുടക്കം ലഭിക്കാനില്ല. തിങ്ങിനിറഞ്ഞ കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് മുന്നിൽ ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്.

ഒന്നിനെതിരേ രണ്ട് ഗോളുകൾക്കാണ് കൊമ്പന്മാരുടെ വിജയം. ബ്ലാസ്റ്റേഴ്സിനായി സൂപ്പർ താരം അഡ്രിയാൻ ലൂണ ലക്ഷ്യം കണ്ടപ്പോൾ കെസിയ വീൻഡോർപിന്റെ സെൽഫ് ഗോളും ടീമിന് തുണയായി. കർട്ടിസ് മെയ്ൻ ബെംഗളൂരുവിനായി ആശ്വാസ ഗോൾ നേടി.
ഇതോടെ കഴിഞ്ഞ സീസണിലെ തോൽവിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. കഴിഞ്ഞ സീസൺ പ്ലെഓഫിൽ വിവാദമായ ഗോളിലൂടെ ബെംഗളൂരു ബ്ലാസ്റ്റേഴ്സിനെ മറികടന്ന് സെമി ഫൈനലിലെത്തിയിരുന്നു. അന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ച് മത്സരം പൂർത്തിയാക്കാതെ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.
ആ തോൽവിയ്ക്കുള്ള മധുരപ്രതികാരമായി ഈ വിജയം. മത്സരം തുടങ്ങിയപ്പോൾ തന്നെ മഴ തകർത്തുപെയ്തു. പക്ഷേ കൊച്ചിയിലെ മഞ്ഞപ്പടയുടെ ആവേശത്തെ തളർത്താൻ മഴയ്ക്ക് പോലും സാധിച്ചില്ല. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ടു.
ബെംഗളൂരുവിനെക്കാളും ആധിപത്യം ആദ്യ പകുതിയിൽ പുലർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു. മറുവശത്ത് ബെംഗളൂരുവിന് തണുത്ത തുടക്കമാണ് ലഭിച്ചതെങ്കിലും ആദ്യപകുതിയുടെ അവസാന മിനിറ്റുകളിൽ ടീം ആക്രമണം ശക്തിപ്പെടുത്തി. വൈകാതെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രണം അഴിച്ചുവിട്ടതോടെ ബെംഗളൂരു പ്രതിരോധനിര ആടിയുലഞ്ഞു. ഒടുവിൽ കൊച്ചിയിലെ പതിനായിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ലീഡെടുത്തു.
ഈ ഐ.എസ്.എൽ സീസണിലെ ആദ്യ ഗോൾ മഞ്ഞപ്പട സ്വന്തമാക്കി. 52-ാം മിനിറ്റിൽ ബെംഗളൂരുവിന്റെ കെസിയ വിൻഡോർപ് വഴങ്ങിയ സെൽഫ് ഗോളിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്.
കോർണർ കിക്ക് അബദ്ധത്തിൽ വീൻഡോർപിന്റെ തലയിലിടിച്ച് വലയിൽ കയറുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം ബെംഗളൂരുവും ആക്രമണം ശക്തിപ്പെടുത്തിയതോടെ മത്സരം ആവേശത്തിലായി. പിന്നാലെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. ഇത്തവണ സൂപ്പർ താരം അഡ്രിയാൻ ലൂണയാണ് കൊമ്പന്മാർക്കായി വലകുലുക്കിയത്.
ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിന്റെ വലിയ പിഴവാണ് ഗോളിന് വഴിവെച്ചത്. മത്സരത്തിന്റെ 69-ാം മിനിറ്റിലാണ് ഗോൾ പിറന്നത്. പ്രതിരോധതാരം നൽകിയ മൈനസ് പാസ് സ്വീകരിക്കുന്നതിൽ ഗുർപ്രീതിന് പിഴച്ചു. താരത്തിന്റെ കാലിൽ നിന്ന് പന്ത് റാഞ്ചിയ ലൂണ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം പന്ത് തട്ടിയിട്ടു.
ഇതോടെ സ്റ്റേഡിയം ആർത്തിരമ്പി. ഇതോടെ ഒരു ഗോൾ തിരിച്ചടിക്കാനായി ബെംഗളൂരു സർവം മറന്നുകളിച്ചു. അതിൽ അവർ വിജയം കാണുകയും ചെയ്തു. മത്സരമവസാനിക്കാനിരിക്കേ 89-ാം മിനിറ്റിൽ കർട്ടിസ് മെയ്നിലൂടെ ബെംഗളൂരു ഒരു ഗോൾ തിരിച്ചടിച്ചു.
ഗോൾ വഴങ്ങിയ ശേഷവും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനാണ് കൂടുതൽ ശ്രദ്ധിച്ചത്. പിന്നീടൊരു ഗോൾ വഴങ്ങാതെ ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ തന്നെ വിജയം നേടി പുതിയ സീസണിലെ കുതിപ്പ് ആരംഭിച്ചു
#ISL2023 #Grudge #home #KeralaBlasters #gotoff #winning #start #defeated #Bengaluru #1-2
