കോഴിക്കോട്: (www.truevisionnews.com)വില്പനക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പൊലീസിന്‍റെ പിടിയിലായി. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർ തൊടിയിൽ സർജാസ് (38) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എം ഡി എം എയുമായി പൊലീസ് പിടിയിലായത്.

കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. സ്കൂൾ കോളേജ് പരിസരങ്ങളിലെ ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും കണ്ടെത്തി പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി ജില്ലാ പൊലീസ് മേധാവി രാജ്പാൽ മീണ ഐ പി എസ് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് നിർദ്ദേശം നൽകിയിരുന്നു.
ഇതിന്‍റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപന പരിസരങ്ങളിൽ ജില്ല പൊലീസ് ഡപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജു ഐ പി എസിന്‍റെ നേതൃത്വത്തിലുള്ള സംഘം രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടയിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സർജാസ് പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ ലഹരിമരുന്ന് വാങ്ങാൻ പോയതായി വിവരം ലഭിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ പൊലീസ് സർജാസ് താമസിക്കുന്ന വീട്ടിലെത്തുകയും രഹസ്യമായി സൂക്ഷിച്ചു വെച്ച എം ഡി എം എ കണ്ടെടുക്കുകയുമായിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ വീട്ടിൽ അക്രമകാരിയായിരുന്നു. ആദ്യമാദ്യം ലഹരിഉപയോഗം മാത്രം ഉണ്ടായിരുന്ന ഇയാൾ ലഹരി ഉപയോഗത്തിനുള്ള പണം കണ്ടെത്തുന്നതിനും ആർഭാട ജീവിതത്തിനുമാണ് ലഹരിക്കച്ചവടത്തിലേക്ക് തിരിയുന്നത്.
പ്രദേശത്ത് നിരന്തരം മറ്റു ഭാഗത്തുള്ളവർ വന്നു പോകുന്നതായും, പ്രദേശവാസികൾക്ക് ശല്യമാവാൻ തുടങ്ങുകയും ചെയ്തതിൽ പ്രദേശവാസികൾ പരാതി ഉന്നയിച്ചിരുന്നു. ചോദ്യം ചെയ്തതിൽ നിന്നും ഇയാൾക്ക് വലിയ അളവിൽ എം ഡി എം എ നൽകുന്നവരെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും പലരും നിരീക്ഷണത്തിലാണെന്നും പന്നിയങ്കര പോലീസ് ഇൻസ്പെക്ടർ ശംഭുനാഥ് പറഞ്ഞു.
Kozhikode police caught young man with MDMA kept at home for sale
