ദില്ലി: (www.truevisionnews.com)ബ്രിജ് ഭൂഷന്‍റെ അറസ്റ്റിനുള്ള സാധ്യത മങ്ങുന്നു. നൽകിയ പരാതി വ്യാജമാണെന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അച്ഛന്‍റെ വെളിപ്പെടുത്തലോടെ നേരത്തെയെടുത്ത പോക്സോ കേസ് ദുർബലമായി.നൽകിയത് വ്യാജ പരാതിയാണെന്നും, മകൾക്ക് ചാംപ്യൻഷിപ്പിൽ സെലക്ഷൻ ലഭിക്കാത്തതിനെ തുടർന്നുണ്ടായ വിരോധമാണ് കാരണമെന്നും കഴിഞ്ഞ ദിവസമാണ് പ്രായപൂർത്തിയാകാത്ത പരാതിക്കാരിയുടെ അച്ഛൻ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തിയിരുന്നു. 15നകം കോടതിയിൽ സമർപ്പിക്കാനിരിക്കുന്ന കുറ്റപത്രത്തിൽ പോലീസ് ഇത് ഉൾപ്പെടുത്തും. അതേസമയം പരാതി നൽകിയ മറ്റ് 6 ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ദില്ലിയിലെത്തിയ ബ്രിജ് ഭൂഷൺ കോടതിയിൽനിന്നും അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.ഞായറാഴ്ച യുപിയിലെ ഗോണ്ടയിൽ മോദി സർക്കാറിന്‍റെ ഒൻപതാം ഭരണ വാർഷിക പരിപാടിയിലും ബ്രിജ് ഭൂഷൺ പങ്കെടുക്കുന്നുണ്ട്. നേരത്തെ ബ്രിജ് ഭൂഷൺ നടത്താനിരുന്ന റാലി ബിജെപി നേതൃത്വം വിലക്കിയിരുന്നു.അതേസമയം പരാതിക്കാരിൽ സമ്മർദം ചെലുത്തി മൊഴിമാറ്റിയെന്നാണ് ഗുസ്തി താരങ്ങളുമായി ബന്ധപ്പെട്ടവരുടെ ആരോപണം.
വെളിപ്പെടുത്തല്‍ വിവാദമായതിന് പിന്നാലെയാണ് വിനേഷ് ഫോഗട്ടിന്‍റെ ട്വീറ്റ്, നിയമപോരാട്ടത്തിലുണ്ടാകുന്ന കാലതാമസം പെൺമക്കളുടെ ധൈര്യം ചോർത്തുമോയെന്നും വിനേഷ് ഫോഗട്ട് ട്വിറ്ററില്‍ ചോദിച്ചു. പരാതിയിൽ ആദ്യഘട്ടത്തിൽ തന്നെ നടപടിയെടുത്തിരുന്നെങ്കിൽ പെൺകുട്ടി മൊഴിമാറ്റില്ലായിരുന്നുവെന്ന് കർഷക സംഘടനാ നേതാവ് രാകേഷ് ടികായത്തും കുറ്റപ്പെടുത്തി. കുറ്റപത്രത്തിൽ ബ്രിജ് ഭൂഷണെതിരായ കണ്ടെത്തലുകൾ ദുർബലമാണെങ്കിൽ വീണ്ടും സമരം തുടങ്ങാനാണ് താരങ്ങളുടെ തീരുമാനം.
Brij Bhushan's chances of arrest in sexual harassment complaint fade