മുംബൈ: ലിവ് ഇൻ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് പുഴുങ്ങിയ അരച്ച സംഭവത്തിൽ പ്രതിയായ 56 കാരൻ മനോജ് സനെ അമ്മാവനാണെന്നാണ് സരസ്വതി വൈദ്യ പരിചയപ്പെടുത്തിയതെന്ന് അവർ വളർന്ന അനാഥാലയത്തിലെ അധികൃതർ.

സരസ്വതി വൈദ്യ അനാഥയാണ്. ജാനകി ആപ്തെ ബാലികാശ്രമത്തിലാണ് അവർ വളർന്നത്. പിന്നീട് മനോജ് സനെ ജോലി ചെയ്തിരുന്ന പലചരക്ക് കടയിൽ സ്ഥിര സന്ദർശകയാവുകയും മനോജുമായി അടുപ്പത്തിലാവുകയുമായിരുന്നു. 2014 മുതലാണ് ഇരുവരും തമ്മിൽ അടുപ്പം തുടങ്ങുന്നത്.
2016 മുതൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങി. മൂന്ന് വർഷം മുമ്പാണ് കൊലപാതകം നടന്ന മിര റോഡിലെ ഫ്ലാറ്റിലേക്ക് ഇവർ താമസം മാറിയത്. മുംബൈയിലെ ബറോലി സ്വദേശിയായ മനോജ് അവിവാഹിതനായിരുന്നു. ബറോലിയിൽ വീടും വീട്ടുകാരുമുണ്ടെങ്കിലും അവരുമായി അകന്ന് കഴിയുകയായിരുന്നു.
അതിനിടെയാണ് സരസ്വതിയുമായി അടുപ്പത്തിലാകുന്നത്. എന്നാൽ അനാഥാലയത്തില സന്ദർശനത്തിനെത്തിയ സരസ്വതി പറഞ്ഞത്, തുണിക്കച്ചവടക്കാരനായ അമ്മാവനൊപ്പമാണ് താമസമെന്നും അദ്ദേഹം പണക്കാരനാണെന്നുമാണ്. മുംബൈയിലാണ് താമസമെന്നും പറഞ്ഞതായി അനാഥാലയം ജീവനക്കാരി വ്യക്തമാക്കിയെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.
രണ്ടു വർഷം മുമ്പാണ് സരസ്വതി അവസാനമായി അനാഥാലയത്തിൽ സന്ദർശിച്ചതെന്നും ആ സമയം അവർ അത്ര സന്തോഷവതിയായിരുന്നില്ലെന്നും അനാഥാലയ അധികൃതർ അറിയിച്ചു. മനോജും സരസ്വതിയും തമ്മിൽ തർക്കമുണ്ടാവുകയും അതിനൊടുവിൽ ഇയാൾ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറിലിട്ട് വേവിക്കുകയുമായിരുന്നു.
കുറച്ച് ഭാഗങ്ങൾ മിക്സറിലിട്ട് അരച്ച് ഓവുചാലിലൊഴുക്കി. മൃതദേഹത്തിൽ നിന്ന് ദുർഗന്ധമുണ്ടാകാതിരിക്കാൻ പ്രത്യേക എണ്ണ പുരട്ടിയിരുന്നു. കുറച്ച് ദിവസങ്ങളായി ഇയാൾ നായ്ക്കളെ തീറ്റിക്കുന്നതും കാണാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പൊതുവെ ആളുകളിൽ നിന്ന് അകന്ന് കഴിയുന്ന തരക്കാരനായിരുന്നു.
ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെയാണ് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹാവശിഷടങ്ങൾ ചിതറിക്കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്. കുറച്ച് ഭാഗങ്ങൾ ബക്കറ്റിലാക്കിയും സൂക്ഷിച്ചിരുന്നു. ദിവസവും ഫ്ലാറ്റിൽ നിരന്തരം റൂം ഫ്രഷ്നർ ഉപയോഗിച്ച് ദുർഗന്ധം അകറ്റാൻ ഇയാൾ ശ്രമിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Incident of killing partner: Saraswati introduced the accused as her uncle, the orphanage authorities said