ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ വിദ്യാർത്ഥിനികൾക്കു നേരെ പീഡന ശ്രമം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാമ്പസിലെത്തിയ അഞ്ചംഗ സംഘം രണ്ടു വിദ്യാർത്ഥികളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും മറ്റൊരു പി.എച്ച്.ഡി വിദ്യാർത്ഥിയെ മർദ്ദിക്കുകയും ചെയ്തു.

കാറിലെത്തിയ അഞ്ചംഗ സംഘം കാമ്പസിൽ ചുറ്റിത്തിരിയുകയും കാറിലിരുന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളിലൊരാളെന്ന് സംശയിക്കുന്ന അഭിഷേക് എന്ന ബി.ടെക് വിദ്യാർത്ഥികയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ പിടികൂടാനായിട്ടില്ല.
അഭിഷേക് മറ്റൊരു കോളജിലെ വിദ്യാർത്ഥിയാണ്. രാത്രി ഭക്ഷണശേഷം രണ്ട് വിദ്യാർത്ഥിനികൾ കാമ്പസിനുള്ളിൽ തന്നെയുള്ള ക്വാർട്ടേഴ്സിലേക്ക് നടന്ന് പോകുമ്പോഴാണ് പീഡനശ്രമമുണ്ടായത്. ഈ സമയം എതിരെ ഒരു കാർ വന്ന് നിർത്തുകയും മദ്യപിച്ച നിലയിൽ രണ്ടുമൂന്നുപേർ കാറിൽ നിന്നിറങ്ങി പെൺകുട്ടികളെ പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിക്കുകയുമായിരുന്നു.
അവർ ഓടി രക്ഷപ്പെടാൻ നോക്കിയപ്പോൾ അവരെ പിടിച്ചുവെക്കൂവെന്ന് മറ്റൊരാൾ ആക്രോശിച്ചു. ബഹളത്തിനിടെ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ കാമ്പസിലൂടെ ഓടുകയായിരുന്നു. ഈ സംഭവം കണ്ട മറ്റൊരു വിദ്യാർത്ഥി ഇതു സംബന്ധിച്ച് പൊലീസിൽ വിളിച്ച് പരാതി പറഞ്ഞു.
സ്വിഫ്റ്റ് ഡിസയറാണ് കാറെന്ന് ആ വിദ്യാർത്ഥിയാണ് പൊലീസിനെ അറിയിച്ചത്. പെൺകുട്ടികൾ പിറ്റേ ദിവസം രാവിലെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കാറിൽ അഞ്ചുപേരുണ്ടായിരുന്നെന്നും അവർ മദ്യപിച്ച നിലയിലായിരുന്നെന്നും പെൺകുട്ടികൾ ആരോപിച്ചു.
Attempt to molest female students in JNU campus.
