കോട്ടയം : ശ്രദ്ധയുടെ ആത്മഹത്യയ്ക്ക് പിന്നാലെ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജ് മാനേജ്‌മെന്റിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ പിതാവ് പി സതീഷ്. മകളെക്കുറിച്ച് തെറ്റായ കാര്യങ്ങളാണ് കോളജ് മാനേജ്‌മെന്റ് തന്നെ അറിയിച്ചതെന്ന് സതീഷ് പറഞ്ഞു. ട്വന്റിഫോർ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

മാനേജ്‌മെന്റിന്റെ സമീപനം മോശമായിരുന്നു. മകളെ കോളജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു. മകള്‍ മരിച്ചതിന് ശേഷം കോളജില്‍ നിന്ന് തന്നെ ആരും ബന്ധപ്പെട്ടതുപോലുമില്ല. മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി കരുതുന്നുവെന്ന് പി സതീഷ് പറഞ്ഞു.
പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും ശ്രദ്ധയുടെ പിതാവ് പറഞ്ഞു. തങ്ങള്‍ പ്രധാനമായി പരാതി ഉന്നയിക്കുന്നത് ആര്‍ക്കെല്ലാം എതിരെയാണോ അവരെയൊന്നും ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടുപോലുമില്ലെന്ന് പി സതീഷ് കുറ്റപ്പെടുത്തി.
ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ചവരെ കണ്ടെത്താനോ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ പൊലീസ് തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശ്രദ്ധയുടെ ആത്മഹത്യ ചെയ്തതില്‍ കോളജ് മാനേജ്‌മെന്‍ിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം കടുക്കുന്നതിനിടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുമുണ്ടായിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും മാനേജ്‌മെന്റുമായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദുവും സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി ശ്രീ. വി എന്‍ വാസവനും ചര്‍ച്ച നടത്തും. നാളെ രാവിലെ 10 മണിക്ക് കോളജില്‍ വച്ച് തന്നെയാകും ചര്‍ച്ച നടക്കുക.
Shraddha's suicide; Father accuses Amal Jyoti College management