റിട്ട. സർക്കാർ ഉദ്യോ​ഗസ്ഥനായ 80കാരന്റെ എടിഎം കാർഡ് സ്വന്തമാക്കി 10 ലക്ഷം രൂപ പിൻവലിച്ചു; യുവതി അറസ്റ്റിൽ

റിട്ട. സർക്കാർ ഉദ്യോ​ഗസ്ഥനായ 80കാരന്റെ എടിഎം കാർഡ് സ്വന്തമാക്കി 10 ലക്ഷം രൂപ പിൻവലിച്ചു; യുവതി അറസ്റ്റിൽ
Jun 4, 2023 11:25 PM | By Nourin Minara KM

മാവേലിക്കര: (www.truevisionnews.com) റിട്ടയേർഡ് സർക്കാർ ഉദ്യോ​ഗസ്ഥനായ 80കാരന്റെ എടിഎം കാർഡ് സ്വന്തമാക്കി അഞ്ച് മാസത്തിനിടെ 10 ലക്ഷം രൂപ പിൻവലിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ (38) യെയാണ് നൂറനാട് സി ഐ പി ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. താമരക്കുളം ചാരുംമൂട് സ്വദേശി നൈനാർ മൻസിലിൽ അബ്ദുൽ റഹ്മാനാണ് പണം നഷ്ടമായത്.

അബ്ദുൽ റഹ്മാൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ കോമ്പൗണ്ടിലുള്ള കുടുംബവീട്ടിൽ വാടകക്ക് താമസിക്കുകയാണ് പിടിയിലായ രമ്യയും ഭർത്താവ് തോമസും. കെഎസ്ഇബിയിൽ നിന്നും ഓവർസിയറായി വിരമിച്ച അബ്ദുൽ റഹ്മാൻ ഇളയ മകൾക്കും മരുമകനും ഒപ്പമാണ് താമസിക്കുന്നത്. ഭാര്യ നേരത്തെ മരിച്ചു. മകളുടെയും മരുമകനെയും സംരക്ഷണയിൽ കഴിയുന്നതിനാൽ ഇദ്ദേഹം ബാങ്ക് അക്കൗണ്ടിൽ വരുന്ന പെൻഷൻ തുക പിൻവലിക്കാറില്ലായിരുന്നു.

അതിനാൽ വലിയൊരു തുക ബാങ്കിൽ നിക്ഷേപമായി ഉണ്ടായിരുന്നു.വണ്ടാനം മെഡിക്കൽ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റൻറ് പ്രൊഫസർ എന്ന് പരിചയപ്പെടുത്തിയാണ് രമ്യയും ഭർത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അയൽവാസികളോടും വണ്ടാനം മെഡിക്കൽ കോളജിൽ ജോലി എന്നാണ് ഇവർ പറഞ്ഞിട്ടുള്ളത്. വാടക വീട്ടിൽ താമസമായതോടെ അബ്ദുൽ റഹ്മാന്റെ വീട്ടുകാരോട് രമ്യ കൂടുതൽ അടുപ്പം പുലർത്തുകയും വിശ്വാസം നേടുകയും വീട്ടിൽ കയറുവാനുള്ള സ്വാതന്ത്ര്യം സൃഷ്ടിക്കുകയും ചെയ്തു.

പിന്നീട് രമ്യ വീടിനുള്ളിൽ കടന്ന് മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി. വല്ലപ്പോഴും മാത്രം എടിഎമ്മിൽ പൊയ്ക്കൊണ്ടിരുന്ന അബ്ദുറഹ്മാൻ പാസ്‌വേഡ് മറന്നു പോകാതിരിക്കാൻ ഒരു പേപ്പറിൽ കുറിച്ച് എടിഎം കാർഡിനൊപ്പം സൂക്ഷിച്ചിരുന്നു. കാർഡ് മോഷണം പോയ വിവരം അബ്ദുറഹ്മാൻ അറിഞ്ഞിരുന്നില്ല. 2023 ജനുവരി 13 മുതൽ രമ്യ ഈ കാർഡ് ഉപയോഗിച്ച് ദിവസേന പണം പിൻവലിച്ചു കൊണ്ടിരുന്നു. ചാരുംമൂട് എസ്ബിഐയുടെ എടിഎം, ചാരുംമൂട് ഫെഡറൽ ബാങ്ക് എടിഎം എന്നിവിടങ്ങളിൽ നിന്നാണ് രമ്യ കൂടുതൽ പണം പിൻവലിച്ചിട്ടുള്ളത്.

10000 രൂപ ഒറ്റ സമയം പിൻവലിച്ചാൽ അക്കൗണ്ട് ഉടമയുടെ മൊബൈലിലേക്ക് ഒ.റ്റി.പി വരുമെന്നറിയാവുന്ന രമ്യ ഓരോ ദിവസവും 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എടുത്ത് ഒരു ദിവസം ഇരുപതിനായിരം രൂപ വീതമാണ് പിൻവലിച്ചിരുന്നത്. അബ്ദുൽ റഹ്മാന്റെ മൊബൈൽ നമ്പർ ബാങ്കിൽ പോയി അപ്ഡേറ്റ് ചെയ്യാത്തതിനാൽ പണം പിൻവലിക്കുമ്പോൾ മെസ്സേജ് വരികയുമില്ലായിരുന്നു. നാലു മാസത്തിനുള്ളിൽ രമ്യ ഇത്തരത്തിൽ അക്കൗണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് പിൻവലിച്ചത്. മകൾക്ക് ഒരു സ്കൂട്ടർ വാങ്ങുവാനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുൽ റഹ്മാൻ പണം പിൻവലിക്കാനായി എടിഎം കാർഡ് തിരക്കിയത്. അപ്പോഴാണ് കാർഡ് കാണുന്നില്ല എന്ന് മനസ്സിലായത്. കാർഡിനായുള്ള തിരച്ചിലിൽ രമ്യ ഉൾപ്പെടെ പങ്കെടുക്കുകയും ചെയ്തു. പക്ഷേ എടിഎം കാർഡ് കണ്ടെടുക്കാൻ സാധിച്ചില്ല.

നഷ്ടപ്പെട്ടു പോയതായിരിക്കാം എന്ന് കരുതി അബ്ദുൽ റഹ്മാൻ മകളെയും കൂട്ടി ബാങ്കിലെത്തി പണം പിൻവലിക്കാൻ നോക്കുമ്പോഴാണ് അക്കൗണ്ടിൽ പണമില്ലെന്നറിയുന്നത്. തുടർന്ന് ബാങ്കിൽ നിന്ന് പണമിടപാട് വിവരമെടുത്ത് പരിശോധിച്ചപ്പോൾ ഒരു ദിവസം 20000 രൂപ ക്രമത്തിൽ പലപ്പോഴായി പത്തുലക്ഷം രൂപ പിൻവലിച്ചതായി അറിയാൻ കഴിഞ്ഞു. നൂറനാട് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

ബാങ്കിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എടിഎമ്മുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതോടെ രമ്യ എന്ന സ്ത്രീയാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി.പൊലീസ് രമ്യയെ ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ കാണിച്ചതോടെ കുറ്റം സമ്മതിച്ചു. പിൻവലിച്ച തുകയിൽ നിന്നും 10000 രൂപയും എടിഎം കാർഡും പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.

രമ്യ മുൻപും ഇതുപോലുള്ള തട്ടിപ്പുകേസുകളിൽ പ്രതിയായിട്ടുണ്ട്. നൂറനാട് സ്വദേശി സുധീഷ് എന്നയാളുടെ ചികിത്സാസഹായവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തി പണം തട്ടിയെടുത്ത കേസിൽ രമ്യ പ്രതിയാണ്. വണ്ടാനം മെഡിക്കൽ കോളജിലെ അസി. പ്രൊഫസർ, ഫിസിയോതെറാപ്പിസ്റ്റ്, ടെക്നിഷ്യൻ എന്നൊക്കെ കള്ളത്തരങ്ങൾ പ്രചരിപ്പിച്ചാണ് രമ്യ പലസ്ഥലങ്ങളിലും മാറി മാറി താമസിച്ചു വരുന്നത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Rt. An 80-year-old government employee's ATM card was acquired and Rs 10 lakh was withdrawn, The woman was arrested in Alappuzha

Next TV

Related Stories
Top Stories










Entertainment News