ദില്ലി: (www.truevisionnews.com)ഒഡീഷയിലുണ്ടായത് പത്ത് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമെന്ന് റയിൽവേ മന്ത്രാലയം. ഒഡീഷക്ക് കൂടുതൽ സഹായം വാഗ്ദാനം ചെയ്ത കേന്ദ്രം, വേണ്ടി വന്നാൽ ദുരന്തനിവാരണ സേനയുടെ കൂടുതൽ സംഘത്തെ അയക്കുമെന്നും വ്യക്തമാക്കി.
ഒഡിഷയിലെ ബാലസോറിന് സമീപം മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റി മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ എസ്എംവിടി-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. രണ്ടാമത്തെ ട്രെയിൻ 130 കിലോമീറ്റർ വേഗതയിലായിരുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് അപകടത്തിൽപ്പെട്ട ബോഗികൾ തെറിച്ചു വീണു.
ട്രെയിനിൽ എത്ര പേരുണ്ടായിരുന്നുവെന്നതിലടക്കം ഇനിയും വ്യക്തതയായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആദ്യ അപകടമുണ്ടായ ശേഷം, അപായ മുന്നറിയിപ്പുകൾ ഫലപ്രദമായില്ലെന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം പാളിയതിനാൽ രണ്ടാമത്തെ ട്രെയിനിന് മുന്നറിയിപ്പ് നൽകാനും റെയിൽവേയ്ക്ക് കഴിഞ്ഞില്ലെന്നാണ് വിവരം.
200 ലെറെ പേരുടെ മരണത്തിലേക്ക് നയിച്ച അപകടത്തിന്റെ വ്യാപ്തി ഇനിയും വർധിച്ചേക്കുമെന്നാണ് ഒഡീഷ സർക്കാരും അറിയിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണെന്നും തകർന്ന ഒരു ബോഗി പൊളിച്ചെടുക്കേണ്ടതുണ്ടെന്നും ഒഡീഷ ചീഫ് സെക്രട്ടറിയും അറിയിച്ചു. 5 ജില്ലകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നല്കുന്നത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകൾ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
The biggest train disaster in ten years; The signal system failed and the center offered more help