മദ്യലഹരിയിൽ ഇൻഡിഗോ ജീവനക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ. 63കാരനായ എറിക് ഹരാൾഡ് ജോനാസ് വെസ്റ്റ്‌ബെർഗാണ് അറസ്റ്റിലായത്.
ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ വാഴാഴ്ചയോടെയായിരുന്നു സംഭവം. വിമാനം മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് പിന്നീട് അന്ധേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
യാത്രക്കിടെ ജീവനക്കാരി ഭക്ഷണം വിളമ്പുന്നതിനിടെയാണ് ഇയാൾ മോശമായി പെരുമാറിയത്. ഉടൻ തന്നെ ജീവനക്കാരി വിവരം ക്യാപ്റ്റനെ അറിയിച്ചു. ഇതേ തുടർന്ന് ഇയാൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയെങ്കിലും വീണ്ടും പ്രതി ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു.
ഭക്ഷണം ഓർഡർ ചെയ്തതിന് പിന്നാലെ പിഒഎസ് മെഷീൻ വഴി പണം അടയ്ക്കാൻ എടിഎം കാർഡ് ആവശ്യപ്പെട്ടപ്പോൾ. സ്വൈപ്പ് ചെയ്യാനെന്ന വ്യാജേനെ അയാൾ കൈയിൽ പിടിച്ചു എന്നാണ് ജീവനക്കാരിയുടെ മൊഴി. പിന്നീട് പിൻനമ്പർ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടപ്പോൾ മറ്റ് യാത്രക്കാരുടെ മുന്നിൽ വച്ച് വളരെ മോശമായി പെരുമാറിയെന്നും ജീവനക്കാരി അറിയിച്ചു.
Incident of Indigo employee misbehaving while under the influence of alcohol; Swedish citizen arrested