കോടിയേരിയുടെ വിയോഗം, സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി - കാനം രാജേന്ദ്രൻ

കോടിയേരിയുടെ വിയോഗം, സിപിഐ സംസ്ഥാന സമ്മേളനം ചുരുക്കി - കാനം രാജേന്ദ്രൻ
Oct 2, 2022 11:06 AM | By Vyshnavy Rajan

തിരുവനന്തപുരം : സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്ണന്റെ വിയോഗം അപരിഹാര്യമായ നഷ്ടമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടത് ഐക്യം ദൃഢപ്പെടുത്തുന്നതിൽ കോടിയേരിയുടെ പങ്ക് മറക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനം കോടിയേരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. സമ്മേളനം നടക്കുന്നതിനാൽ ആർക്കും കണ്ണൂർക്ക് പോകാനാകുന്നില്ലെന്ന് കാനം പറഞ്ഞു.

പ്രതിനിധി സമ്മേളനം മാത്രമായി സംസ്ഥാന സമ്മേളന പരിപാടികൾ ചുരുക്കി. സമ്മേളനത്തോട് അനുബന്ധിച്ച് നേരത്തെ നടത്താൻ നിശ്ചയിച്ചിരുന്ന സെമിനാറും അനുബന്ധ പരിപാടികളും ഒഴിവാക്കി.

അതേസമയം കോടിയേരിയുടെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിലെത്തിക്കും. എം വി ജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തുറന്ന വാഹനത്തിൽ വിലാപ യാത്രയായി തലശ്ശേരി ടൗൺ ഹാളിലേക്ക് കൊണ്ടുപോകും.

വിലാപ യാത്ര കടന്നു പോകുന്ന വഴിയിൽ 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് അന്ത്യാഭിവാദ്യം അർപ്പിക്കാൻ നിർത്തും.

മട്ടന്നൂർ ടൗൺ, നെല്ലൂന്നി, ഉരുവച്ചാൽ, നീർവേലി, മൂന്നാംപിടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയിൽ, ആറാം മൈൽ, വേറ്റുമ്മൽ, കതിരൂർ, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് വിലാപയാത്ര നിർത്തുക. തുടർന്ന് ഇന്ന് മുഴുവൻ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും.

തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മാടപ്പീടികയിൽ അദ്ദേഹത്തിന്റെ വീട്ടിലും 11 മണി മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതു ദർശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിക്ക് പയ്യാമ്പലത്ത് സംസ്കാരത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്.

ഇന്നും നാളെയും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ പാർട്ടി പ്രവർത്തകർ കണ്ണുരേക്കൊഴുകും. കോടിയേരിയോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തിട്ടുണ്ട്.

Kodiyeri's demise, CPI state conference abbreviated - Kanam Rajendran

Next TV

Related Stories
Top Stories










Entertainment News