തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ബ്യൂട്ടി പാർലറിലെ സാധനങ്ങളുമായി പോയ ലോറിയാണ് കരമന പാലത്തിന് സമീപത്തുവച്ച് തീപിടിച്ചത്. കാരയ്ക്കാമണ്ഡപത്തിന് സമീപത്ത് നിന്നും കൊല്ലത്തേക്ക് പോയ ലോറിയിലാണ് പുലർച്ചെ ഒരു മണിയോടെ തീപടർന്നത്. ലോറിയിൽ നിന്നും പുക ഉയരുന്നത് കണ്ട പിന്നാലെ വന്ന വാഹനങ്ങളിലെ യാത്രികരാണ് രക്ഷകരായത്. ലോറിക്ക് തീപിടിച്ച കാര്യം ഇവർ ഡ്രൈവറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെ വാഹനം നിർത്തി ഡ്രൈവർ പുറത്തിറങ്ങി.
കരമന പാലത്തിന് സമീപം ലോറി നിർത്തിയ ഡ്രൈവറും കൂടെയുണ്ടായിരുന്നവരും ബക്കറ്റിൽ വെള്ളമൊഴിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടക്കാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം ഓഫീസിൽ നിന്നും രണ്ട് യൂണിറ്റ് എത്തി തീയണച്ചു. പെട്ടന്ന് എത്തിയതിനാൽ തീയണയ്ക്കാനായെന്നും ഡീസൽ ടാങ്കിലേക്ക് തീപടർന്നിരുന്നെങ്കിൽ വലിയ അപകടമുണ്ടാകുമായിരുന്നെന്നും ഫയർഫോഴ്സ് സേനാംഗങ്ങൾ പറഞ്ഞു.
.gif)

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ബ്യൂട്ടി പാർലർ കൊല്ലത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള ലോഡായിരുന്നു ലോറിയിൽ. മുൻ സ്ഥാപനത്തിലെ ഇൻവർട്ടറും ബാറ്ററിയുമടക്കം ലോഡ് ചെയ്തതിനാൽ ഇതിൽ നിന്നും ഉണ്ടായ ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്ന് ഫയർഫോഴ്സ് സംശയിക്കുന്നു. തീയണച്ചതോടെ വാഹനം റോഡിൽ നിന്നും മാറ്റി.
Lorry catches fire while driving in Thiruvananthapuram Passengers in vehicles following it were the saviors
