പാലക്കാട്: ( www.truevisionnews.com) പാലക്കാട് സ്വദേശിനിയായ യുവതിക്ക് നിപ സ്ഥിരീകരിച്ചതോടെ തച്ചനാട്ടുകര, കരിമ്പുഴ മേഖലയിൽ ജാഗ്രത. ഇരു പ്രദേശങ്ങളിലെയും ചില വാർഡുകളെ കണ്ടെയ്ൻമെൻ്റ് സോണാക്കി പ്രഖ്യാപിച്ചു. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളും കരിമ്പുഴ പഞ്ചായത്തിലെ 18,19 വാർഡുകളുമാണ് കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.
പൂനെയിലെ വൈറോളജി ലാബിൽ നിന്നുള്ള ഫലം വന്നതോടെയാണ് യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുളള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്‍റെ ഉറവിടം വ്യക്തമല്ല.
.gif)

യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. നിലവിൽ നാട്ടിലെത്തിയിട്ടുണ്ട്. സമീപത്തുള്ളതെല്ലാം കുടുംബ വീടുകളാണെന്നതിനാൽ സംമ്പർക്കപ്പട്ടിക നീളാനാണ് സാധ്യത.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് യുവതി മണ്ണാർക്കാട്, പാലോട്, കരിങ്കല്ലത്താണി എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സ തേടിയിരുന്നു. നാട്ടുക്കൽ കിഴക്കുംപറം മേഖലയിലെ 3 കിലോമീറ്റർ പരിധി കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചു.
അതേസമയം, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പതിനെട്ടുകാരിയുടെ മരണം നിപ മൂലമെന്ന സംശയത്തിൽ അധികൃതർ. മലപ്പുറം മങ്കട സ്വദേശിനിയായ പതിനെട്ടുകാരിയാണ് കഴിഞ്ഞ ദിവസം മരിച്ചത്. നിപ വൈറസ് ബാധയെ തുടർന്നാണോ മരണം എന്ന സംശയത്തിൽ പോസ്റ്റ്മോർട്ടത്തിന് പിന്നാലെ മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റിവായത്. ഇതിന് പിന്നാലെ കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. പെൺകുട്ടിയെ പോസ്റ്റുമോർട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും നിലവിൽ ക്വാറന്റീനിലാണ്.
ജൂൺ 28നാണ് 18കാരിയെ വിഷം ഉള്ളിൽച്ചെന്നെന്ന സംശയത്തിൽ അതിഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ ഒന്നിന് മരണം സംഭവിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി. സാമ്പിൾ മെഡിക്കൽ കോളജിലെ ലെവൽ ടു ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റിവ് റിപ്പോർട്ട് ചെയ്തത്.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.
നിപ വൈറസ്: ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻകുബേഷൻ പീരിയഡ്) 4 മുതൽ 14 ദിവസം വരെയാണ്. ചിലപ്പോൾ ഇത് 21 ദിവസം വരെയാകാം. പ്രാരംഭ ലക്ഷണങ്ങളിൽ താഴെ പറയുന്നവ ഉൾപ്പെടാം:
- പനി
- തലവേദന
- തലകറക്കം
- ക്ഷീണം
- ചുമ
- തൊണ്ടവേദന
- ശ്വാസതടസ്സം
- ഛർദ്ദി
- ശരീരവേദന
രോഗം മൂർച്ഛിക്കുമ്പോൾ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ് (മസ്തിഷ്ക വീക്കം) ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങൾ:
- സ്ഥലകാലബോധമില്ലായ്മ
- മാനസിക വിഭ്രാന്തി
- അപസ്മാരം
- ബോധക്ഷയം
- കോമ അവസ്ഥയിലേക്ക് പോകാനുള്ള സാധ്യത (ഒന്ന്-രണ്ട് ദിവസങ്ങൾക്കുള്ളിൽ) ചിലപ്പോൾ ശ്വാസകോശത്തെയും നിപ ബാധിക്കാം.
നിപ വൈറസ് പടരുന്നത് എങ്ങനെ?
വവ്വാലുകൾ:
നിപ വൈറസിന്റെ പ്രധാന വാഹകരാണ് പഴംതീനി വവ്വാലുകൾ. വവ്വാലുകളുടെ ഉമിനീർ, കാഷ്ഠം, മൂത്രം എന്നിവ കലർന്ന പഴങ്ങളോ മറ്റ് ഭക്ഷ്യവസ്തുക്കളോ കഴിക്കുന്നതിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം. വവ്വാലുകൾ കടിച്ച പഴങ്ങൾ ഒഴിവാക്കണം.
പന്നികൾ:
നിപ വൈറസ് ബാധിച്ച പന്നികളുമായി നേരിട്ടുള്ള സമ്പർക്കം വഴിയും രോഗം പകരാം. രോഗം പടരുന്ന സാഹചര്യത്തിൽ പന്നിയിറച്ചി ഒഴിവാക്കുന്നത് നല്ലതാണ്.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക്:
രോഗം ബാധിച്ച വ്യക്തിയുടെ ശരീര സ്രവങ്ങളുമായി (ഉമിനീർ, രക്തം, മൂത്രം) നേരിട്ടുള്ള സമ്പർക്കത്തിലൂടെ രോഗം പകരാം. രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. മൃതദേഹ സമ്പർക്കത്തിലൂടെയും രോഗം പകരാം.
നിപ വൈറസ്: പ്രതിരോധം
നിലവിൽ നിപ വൈറസിനെതിരെ ഫലപ്രദമായ മരുന്നോ വാക്സിനോ ലഭ്യമല്ല. അതിനാൽ പ്രതിരോധമാണ് പ്രധാന മാർഗ്ഗം.
ശുചിത്വം: കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക.
ഭക്ഷണ ശീലം: വവ്വാലുകൾ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ കായ്ഫലങ്ങൾ ഒഴിവാക്കുക. വവ്വാലുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ നിന്ന് തുറന്ന കലങ്ങളിൽ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.
വ്യക്തിഗത സുരക്ഷ: രോഗിയുമായി സമ്പർക്കം ഉണ്ടായാൽ N95 മാസ്ക്, കൈയുറ (ഗ്ലൗസ്), ഗൗൺ എന്നിവ ധരിക്കുക. രോഗിയുമായി ഒരു മീറ്റർ ദൂരമെങ്കിലും പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തുനിന്ന് അകലം പാലിക്കുകയും ചെയ്യുക. രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക. രോഗലക്ഷണങ്ങളുമായി വരുന്നവരെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക.
മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ: മൃതദേഹസമ്പർക്കം ഒഴിവാക്കുക. മൃതദേഹത്തെ കുളിപ്പിക്കുമ്പോൾ മുഖം മറയ്ക്കുകയും പിന്നീട് കുളിപ്പിച്ചവർ ദേഹം മുഴുവൻ സോപ്പ് തേച്ച് കുളിക്കുകയും ചെയ്യുക. മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും പാത്രങ്ങളും അണുനശീകരണം നടത്തുക.
Containment zones announced in Palakkad district, health condition of woman confirmed with Nipah is critical
