പന്തളം ( പത്തനംതിട്ട ) : ( www.truevisionnews.com ) ‘മര്യാദയ്ക്ക് ഇരുന്നോണം ഇല്ലെങ്കിൽ മര്യാദ പഠിപ്പിക്കും...’ പന്തളം നഗരസഭയിൽ കൊമ്പുകോർത്ത് നഗരസഭ മുൻ ചെയർപേഴ്സനും ഇപ്പോഴത്തെ ചെയർമാനും. ഒരു വർഷം മുമ്പ് നഗരസഭയിലെ ബി.ജെ.പിപാർലമെൻറ് പാർട്ടി നേതാവ് കെ.വി പ്രഭയ്ക്കെതിരെ അസഭ്യവർഷം നടത്തിയത് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന്റെ ക്ഷീണം മാറും മുമ്പേയാണ് രാജിവെച്ച ചെയർപേഴ്സൻ സുശീല സന്തോഷ്, നിലവിലെ ചെയർമാൻ അച്ഛൻ കുഞ്ഞ് ജോണിനെതിരെ തിരിഞ്ഞത്.

ചൊവ്വാഴ്ച പന്തളം നഗരസഭയിൽ നടന്ന കൗൺസിൽ യോഗത്തിലാണ് ബി.ജെ.പിയിലെ മുൻ ചെയർപേഴ്സൻ സുശീല സന്തോഷ് നിലവിനെ ചെയർമാൻ അച്ഛൻ കുഞ്ഞ് ജോണിനെ ഭീഷണിപ്പെടുത്തിയത്. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ തുടക്കം മുതൽ ഏറെ വിവാദങ്ങളായിരുന്നു.
ബി.ജെ.പിയിലെ തന്നെ കെ.വി. പ്രഭയും അന്നത്തെ ചെയർപേഴ്സൻ സുശീല സന്തോഷമായി കോൺഫറൻസ് ഹാളിൽ നടന്ന അസഭ്യവർഷത്തിന്റെ വീഡിയോ മറ്റൊരു ബി.ജെ.പി കൗൺസിലർ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.
അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച തെറിവിളി നഗരസഭയിൽ പ്രതിപക്ഷം ഏറ്റെടുത്തതോടെ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് പാർട്ടിയിൽ സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചിരുന്നു. എങ്കിലും, കെ.വി. പ്രഭ പ്രതിപക്ഷവുമായി ചേർന്ന് അവിശ്വാസപ്രമേയം കൊണ്ടുവരികയും സുശീല സന്തോഷ് രാജിവെക്കുകയും ചെയ്തു.
കഴിഞ്ഞ ഡിസംബറിൽ അച്ഛൻ കുഞ്ഞ് ജോണിനെ ചെയർമാനാക്കി, പാർട്ടി സംസ്ഥാന നേതൃത്വം 18 കൗൺസിലർമാരെയും ടെമ്പോ ട്രാവലിൽ ഒരുമിച്ചിരുത്തി പ്രശ്നങ്ങൾ പരിഹരിച്ചതാണ്. ഇതിനിടയിലാണ് വീണ്ടും മുൻ ചെയർപേഴ്സൻ ചെയർമാനെതിരെ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
#pandalammunicipality #councilmeeting #controversy
