കടമ്പനാട് (പത്തനംതിട്ട) : (truevisionnews.com) ഓടിക്കളിച്ച മണ്ണിൽ അഭിരാം ഇനി കണ്ണീരോർമ. കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ കോൺക്രീറ്റ് തൂൺ വീണു മരിച്ച നാലു വയസ്സുകാരൻ അഭിരാമിന്റെ മൃതദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

രാവിലെ ഒൻപതോടെ അഭിരാം പഠിച്ചുകൊണ്ടിരുന്ന ഗണേശ വിലാസം ഗവഎൽപി സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. ചേതനയറ്റ ശരീരംകണ്ട് അധ്യാപകർ പൊട്ടിക്കരഞ്ഞപ്പോൾ സഹപാഠിക്കു സംഭവിച്ചതെന്തന്നറിയാതെ നിന്ന കുരുന്നുകളുടെ മൗനം യാത്രാ മൊഴിയായി.
തോയിപ്പാട് അഭിരാം ഭവനിൽ അജി, ശാരി ദമ്പതികളുടെ മകൻ അഭിരാം ഗണേശ വിലാസം സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥിയായിരുന്നു. മൃതദേഹം കണ്ട് അഭിരാമിന്റെ ക്ലാസ് ടീച്ചർ ഉദയശ്രീ പൊട്ടിക്കരഞ്ഞു.
‘ക്ലാസിലെ ചുണക്കുട്ടിയായിരുന്നു അവൻ. ക്ലാസിലെ നാടൻ പാട്ടുകാരൻ. ഡാൻസും പാട്ടുമായി ക്ലാസിനെ സജീവമാക്കിയിരുന്ന കുട്ടിയായിരുന്നു’ – അധ്യാപകർ അനുസ്മരിച്ചു.
പത്തുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഉറ്റവരുടെയും ബന്ധുജനങ്ങളുടെയും സങ്കടത്തിന് ആശ്വാസമേകാൻ ആർക്കും കഴിഞ്ഞില്ല. കുരുന്നിന്റെ വേർപാട് വേദനയായി മാറിയ വീട്ടിലെ നൊമ്പരക്കാഴ്ചകൾ കണ്ടുനിന്നവരെയും കണ്ണീരിലാഴ്ത്തി.
#funeral #boy #who #died #konni #ecotourism #camp
