തിരുവനന്തപുരം: (www.truevisionnews.com) കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കലിലുണ്ടായ ഉന്തുംതള്ളും അവമതിപ്പുണ്ടാക്കിയ സാഹചര്യത്തിൽ കർശന നടപടിയുമായി കെ.പി.സി.സി രംഗത്ത്. കോൺഗ്രസിന്‍റെ വിവിധ ഘടകങ്ങൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മാർഗരേഖ നടപ്പാക്കാനാണ് കെ.പി.സി.സി തീരുമാനം.

നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള കരട് മാർഗരേഖക്ക് ഒരാഴ്ചക്കുള്ളിൽ കെ.പി.സി.സി രൂപം നൽകും. ഡി.സി.സി പ്രസിഡന്‍റുമാരും മുതിർന്ന നേതാക്കളും ചർച്ച ചെയ്ത ശേഷം അന്തിമ മാർഗരേഖക്ക് കെ.പി.സി.സി അംഗീകാരം നൽകും. തുടർന്ന് മെയ് മുതൽ മാർഗരേഖ പ്രകാരമായിരിക്കും സംസ്ഥാനത്ത് കോൺഗ്രസ് നടത്തുന്ന മുഴുവൻ പരിപാടികളും നടക്കുക.
പെരുമാറ്റച്ചട്ടവും അച്ചടക്കവും നടപ്പാക്കാനുള്ള ചുമതല സേവാദളിന് നൽകും. പാർട്ടിയുടെ താഴേത്തട്ട് മുതൽ കെ.പി.സി.സി വരെയുള്ള പരിപാടികളിൽ വേദിയിൽ ആർക്കെല്ലാം ഇരിപ്പിടം നൽകണമെന്ന് പ്രോട്ടോകോൾ പ്രകാരമുള്ള പട്ടിക തയാറാക്കും. നോട്ടീസിൽ പേരില്ലാത്തവർക്ക് വേദിയിൽ ഇരിപ്പിടം ഉണ്ടാവില്ല.
വേദിയിൽ ഇരിപ്പിടമില്ലാത്ത പ്രധാന നേതാക്കൾക്ക് സദസിന്‍റെ മുൻനിരയിൽ പ്രത്യേക ഇരിപ്പിടം ഒരുക്കും. നാടമുറിക്കൽ ഉൾപ്പെടെയുള്ള പരിപാടികൾക്ക് മുൻനിരയിൽ നിൽക്കേണ്ടവരുടെ പട്ടിക ഡി.സി.സി തന്നെ തയാറാക്കും.
പാർട്ടി പരിപാടികളിൽ മാർഗരേഖ കർശനമായി നടപ്പാക്കാനും ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുമാണ് കെ.പി.സി.സി തീരുമാനിച്ചിട്ടുള്ളത്.
കോഴിക്കോട്ടെ പുതിയ ഡി.സി.സി മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട നാടമുറിക്കൽ സമയത്ത് ചിത്രത്തിൽ മുഖം വരാനായി നടന്ന ഉന്തുംതള്ളും പാർട്ടിക്ക് വലിയ അവമതിപ്പും പരിഹാസവുമാണ് ഉണ്ടാക്കിയത്. പരിപാടിയിൽ പങ്കെടുക്കേണ്ട വിശിഷ്ട അതിഥികളും മുതിർന്ന നേതാക്കളും പിന്നിലാവുകയും മറ്റുള്ളവർ മുമ്പിൽ ഇടംപിടിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായി.
മുറിക്കേണ്ട നാടയുടെ സമീപത്തെത്താൻ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർ വളരെയധികം ബുദ്ധിമുട്ടുകയും ചെയ്തു.
ഏറെ വാർത്താ പ്രാധാന്യം ലഭിച്ച പുതിയ ഡി.സി.സി മന്ദിരത്തിന്‍റെ ഉദ്ഘാടന ചടങ്ങിന്‍റെ ശോഭ കെടുത്തുന്നതിന് ഉന്തുംതള്ളും വഴിവെച്ചിരുന്നു. കൂടാതെ, ഉന്തും തള്ളും നടന്നതിന്‍റെ ദൃശ്യങ്ങൾ ട്രോളുകളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
#KPCC #says #pushing #shoving #photos #handcuffing #protocol #party #events
